അതിജീവന സമരം നൂറാം ദിനത്തില്‍. ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ആശമാര്‍ ആളിക്കത്തുന്ന 100 തീ പന്തങ്ങളുമായി സമരജ്വല തീര്‍ത്തു. തങ്ങളുടെ അതിജീവന സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രി സഭാവാര്‍ഷികാഘോഷ ഭാഗമായി വാര്‍ത്ത സമ്മേളനം ആരംഭിച്ച സമയത്താണ് ആശമാര്‍ ഭരണ സിരാകേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധജ്വല തെളിച്ച് പ്രതിഷേധിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വര്‍ക്കിംഗ് പ്രസിഡണ്ട്മാരായ പിസി വിഷ്ണുനാഥ് എംഎല്‍എ ഷാഫി പറമ്പില്‍ എംപി എം.ലിജു തുടങ്ങിയവര്‍ സമരവേദിയില്‍ എത്തി ആശമാരുടെ സമരത്തിന് കരുത്തു പകര്‍ന്നു. കേരളത്തിന്‍റെ ജന മനസ്സ് ആശമാര്‍ക്കൊപ്പമെന്നും സര്‍ക്കാര്‍ കാട്ടുന്ന ധിക്കാരത്തിന് കേരള ജനത സമരക്കാര്‍ക്കൊപ്പം അണിനിരന്ന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ എല്ലാ പിന്തുണയും തുടരുമെന്നും കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി.
ആശമാരുടെ അതിജീവന സമരം 100 ദിനങ്ങള്‍ കടന്നിരിക്കുകയാണ്. സമരവീര്യം ഒട്ടും ചോരാതെയാണ് ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ ആശമാര്‍ ഇന്ന് പ്രതിഷേധിച്ചത്. സമരത്തിന്റെ ഭാഗമായി കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന രാപകല്‍ സമരയാത്ര 16 നാളുകള്‍ പിന്നിട്ടു. തെരുവോരങ്ങളില്‍ രാത്രി അന്തിയുറങ്ങിയാണ് ആശമാര്‍ സമരയാത്ര നടത്തുന്നത്. ഇതെല്ലാം സര്‍്ക്കാരിന്റെ കണ്‍മുന്നിലാണ് നടക്കുന്നത്. കോടികള്‍ മുടക്കി സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷം നടത്തുമ്പോള്‍, ചെയ്ത ജോലിക്കുള്ള കൂലി ചോദിച്ചാണ് ആശമാര്‍ 100 ദിനങ്ങളായി ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ സമരം ചെയ്യുന്നത്.