മദ്യം ഒഴുക്കാന്‍ പിണറായി സർക്കാർ; സംസ്ഥാനത്ത് 10 മദ്യ ഷോപ്പുകള്‍ കൂടി തുറന്നു, 15 എണ്ണം കൂടി ഈ വർഷം തന്നെ തുറക്കാന്‍ നീക്കം

Jaihind Webdesk
Monday, July 24, 2023

 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും 10 മദ്യ ഷോപ്പുകൾ കൂടി തുറന്നു. ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡും 5 വീതം മദ്യ ഷോപ്പുകളാണ് തുറന്നത്. 15 ഷോപ്പുകൾ കൂടി ഈ വർഷം തന്നെ തുറക്കുവാനും ശ്രമം നടക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ മദ്യനയത്തിന്‍റെ ഭാഗമായി പൂട്ടിയ മദ്യശാലകളാണ് ഇപ്പോള്‍ സംസ്ഥാനത്ത് യഥേഷ്ടം തുറക്കുന്നത്.

സംസ്ഥാനത്ത് പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിൽ സർക്കാർ അലംഭാവം തുടരുന്നതിനിടെയാണ് യഥേഷ്ടം മദ്യശാലകൾ തുറക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ മദ്യന യത്തിന്റെ ഭാഗമായി പൂട്ടിപ്പോയ മദ്യഷാപ്പുകൾ പുനഃസ്ഥാപിക്കാനും ബിവറേജസ് കോർപ്പറേഷൻ ശുപാർശ ചെയ്ത 175 പുതിയ ഷോപ്പുകൾ ആവശ്യാനുസരണം തുടങ്ങാനും 2022 മേയിൽ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്‍റെ മറപിടിച്ചാണ് സർക്കാർ യഥേഷ്ടം സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ നടപടി ആരംഭിച്ചത്.
മദ്യനയം പ്രഖ്യാപിക്കും മുമ്പു തന്നെ ഈ വർഷം നാൽപതോളം ബാറുകൾക്കു ലൈസൻ സ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മദ്യ ഷോപ്പുകൾ തുറക്കുന്നത്.

വട്ടപ്പാറ, ചാത്തന്നൂർ, ഭരണിക്കാവ്, കല്ലായി, പരപ്പനങ്ങാടി എന്നിവിടങ്ങ ളിൽ ബെവ്കോയും കപ്ലിപ്പാറ, മേപ്പാടി, അമ്പൂരി, ബാലുശേരി എന്നിവിടങ്ങളിൽ കൺസ്യൂമർ ഫെഡുമാണു പൂട്ടിപ്പോയ ഷോപ്പുകൾ തുറന്നത്. 2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽവന്നപ്പോൾ 306 ബെവ്കോ ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. പിന്നിട്ട് 440 ബാർ ലൈസൻസ് സർക്കാർ പുതുക്കിന ൽകി. ഇതിനു പുറമേയാണ് 250ലേറെ പുതിയ ബാർ ലൈസൻസ് സർക്കാർ ആറരവർഷത്തിനിടെ കൊടുത്തത്. 720ൽ അധികം ബാറുകളും 300ൽ അധികം ബിയർ പാർലറുകളുമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. നഗരങ്ങളിൽ 91 ഷോപ്പും ഗ്രാമങ്ങളിൽ 84 ഷോപ്പും ഉൾപ്പെട്ട പട്ടികയാണു ബെവ്കോ സർക്കാരിന് കൈമാറിയിട്ടുള്ളത്. ഇതിൽ 15 എണ്ണം കൂടി ബെവ്കോ ഉടൻ തുടങ്ങും.