രണ്ടുതരം ആള്‍ക്കൂട്ടമുണ്ട്. ഒന്ന് പുറമെ കാണുന്നത്. രണ്ടാമത്തേത് അദൃശ്യമായത്. രണ്ടിന്റെയും സ്വഭാവവിശേഷങ്ങള്‍ ഒന്നുതന്നെ. ആള്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ ‘അത്യുന്നതര്‍’ എന്ന പേരിന്റെ മറവില്‍ പതിയിരിക്കുന്നു. അവര്‍ ക്ഷതമേറ്റതായും അപമാനിതരായും അഭിനയിക്കും. ഒറ്റയ്ക്കൊറ്റയ്ക്കെടുത്താല്‍ ഇവര്‍ ഭീരുക്കളും ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ മടിക്കുന്നവരുമായിരിക്കും. ശിക്ഷയ്ക്ക് അതീതരായവരുടെ റിപബ്ലിക്കിലെ അംഗങ്ങളാണെന്ന് അവര്‍ സ്വയം വിശ്വസിക്കുന്നു. (റിപ്പബ്ലിക് ഓഫ് ഇംപ്യൂണിറ്റി ഇന്ത്യന്‍ എക്സ്പ്രസ് 2018 ഏപ്രില്‍ 22)
കഴിഞ്ഞ നാല് വര്‍ഷക്കാലമെടുത്താല്‍ ഈ രണ്ട് വിഭാഗത്തില്‍പ്പെട്ടവരുടെ സംഖ്യ വര്‍ധിച്ചതായി കാണാം. ജീന്‍സ് ധരിച്ചു എന്ന കാരണത്താല്‍ പെണ്‍കുട്ടികളെയും സംശയത്തിന്റെ പേരില്‍ പാര്‍ക്കിലോ ബാറുകളിലോ ഇരിക്കുന്ന ദമ്പതികളെയും ആള്‍ക്കൂട്ടം ആക്രമിക്കുന്നു. വീട്ടില്‍ മാട്ടിറച്ചി സൂക്ഷിച്ചു എന്ന കാരണം പറഞ്ഞ് അഖ് ലക്കിനെ (ദാദ്രി, ഉത്തര്‍പ്രദേശ്) അടിച്ചുകൊന്നു. തന്റെ ഡയറിഫാമിലേക്ക് കാലികളെ കൊണ്ടുപോയ പഹലൂഖാനെയും മൃഗീയമായി അടിച്ചുകൊന്നു. (ആള്‍വര്‍, ഹരിയാന). ഗുജറാത്തിലെ ഉനയില്‍ ദളിത് കുട്ടികളെ നഗ്നരാക്കി മര്‍ദിച്ചു. ഇതിലുമേറെ സംഭവങ്ങള്‍ അസമിലും ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും പടിഞ്ഞാറന്‍ ബംഗാളിലും മറ്റ് സ്ഥങ്ങളിലും നടന്നിട്ടുണ്ട്. ഇവിടെയെല്ലാം പീഡിപ്പിക്കപ്പെട്ടിട്ടുള്ളത് മുസ്ലീങ്ങളോ ദളിതുകളോ നാടോടികളോ ആണ്.
അടുത്തകാലത്തായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന ഊഹാപോഹങ്ങളുടെ പേരില്‍ മനുഷ്യരെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ത്രിപുരയിലെ ടബ്റൂം എന്ന സ്ഥലത്ത് അധികാരികള്‍ ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കുന്നതിന് നിയോഗിച്ച സുകത ചക്രവര്‍ത്തി ഇത്തരത്തില്‍ കൊല്ലപ്പെട്ടു.
അദൃശ്യലോകത്തിലെ ആള്‍ക്കൂട്ടവും വ്യത്യസ്തരല്ല. അവര്‍ക്കൊരു പേരുണ്ട്; ട്രോള്‍ (അധിയോപം) .അവര്‍ അസഹിഷ്ണുക്കളും കഠിനഹൃദയരും വഷളന്മാരും അക്രമകാരികളും ആയിരിക്കും. അവരുടെ ആയുധം വെറുപ്പിന്റെ പ്രഭാഷണങ്ങളും വ്യാജ വാര്‍ത്തകളും ആയിരിക്കും. അവര്‍ കൊന്നെന്നിരിക്കില്ല, പക്ഷേ അവരില്‍ പലരും യഥാര്‍ഥ ആള്‍ക്കൂട്ടത്തിനിടയില്‍ ഉണ്ടെങ്കില്‍ കൊല്ലാനും മടിക്കില്ലെന്നാണെന്റെ വിശ്വാസം.
അപ്രകാരമുള്ള ഒരാള്‍ക്കൂട്ടം അടുത്തകാലത്ത് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ തിരിഞ്ഞു. ജനസംഘത്തിന്റെ കാലം മുതല്‍ പൊതുരംഗത്തുള്ള അവര്‍ ബി.ജെ.പി എം.പി ആണ്. വിദ്യാഭ്യാസമുള്ള വ്യക്തിയാണ്. നഗരവാസിയാണ്. ഭംഗിയായി സംസാരിക്കുന്ന വ്യക്തിയാണ്. ബി.ജെ.പിയുടെ ‘ഭാരതസ്ത്രീകള്‍ തന് ഭാവശുദ്ധി’ രൂപവുമായി താദാത്മ്യം പ്രാപിക്കാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന വ്യക്തി. പല തെരഞ്ഞെടുപ്പുകളും ജയിച്ചു. 2007-2014-ല്‍ ലോക്സഭയിലെ പ്രതിപക്ഷനേതാവായിരുന്നു.
2014 തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചു. രാഷ്ട്രീയകൌശലവും അസാമാന്യമായ ഊര്‍ജവും ഉള്ള ഒരു വ്യക്തി പൊടുന്നനവെ എല്‍.കെ അദ്വാനിയേയും സുഷമ സ്വരാജിനെയും തട്ടിമാറ്റി പ്രധാനമന്ത്രിയായി. തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ മാന്യമായ പദവി ലഭിക്കുവാനായി സുഷമ സ്വരാജിന് ഒറ്റയ്ക്ക് പൊരുതേണ്ടിവന്നു. അങ്ങിനെയാണ് വിദേശകാര്യമന്ത്രിയായത്. പക്ഷേ വിദേശകാര്യവകുപ്പില്‍ കാര്യമായി ഒന്നും പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അവസരം നല്‍കിയില്ല. നിയന്ത്രണങ്ങള്‍ എല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കയ്യിലായിരുന്നു.
സുഷമ സ്വരാജ് രക്തസാക്ഷിയുടെ പരിവേഷത്തിനുള്ള ശ്രമം നടത്തി. ചില സന്ദേശങ്ങള്‍ അവര്‍ ലൈക്ക് ചെയ്യുകയും വീണ്ടും ട്വീറ്റ് ചെയ്യുകയും ചെയ്തു. അങ്ങിനെ എത്രപേര്‍ ഈ ട്രോളുകളെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഒരു കണക്കെടുപ്പ് നടത്തി. അവരെ ഞെട്ടിച്ചുകൊണ്ട് 43 ശതമാനം പേര് ഈ ട്രോളുകളെ പിന്താങ്ങി. 57 ശതമാനം മാത്രമേ അവരോട് അനുഭാവം പ്രകടിപ്പിച്ചുള്ളൂ. ഈ ദുരന്ത വിവാദത്തില്‍ ഒരൊറ്റ മന്ത്രിയോ പാര്‍ട്ടി നേതാവോ ട്രോളുകളെ വിമര്‍ശിച്ചില്ല. ഈ ട്രോളുകള്‍ തെറ്റിയിരുന്നെങ്കിലും സുഷമ സ്വരാജ് അത് ഗൌരവത്തിലെടുക്കേണ്ടതില്ലായിരുന്നു എന്ന് സുഷമയെ താന്‍ അറിയിച്ചിരുന്നുവെന്ന് ദിവസങ്ങള്‍ക്ക് ശേഷം ആഭ്യന്തരമന്ത്രി വെളിപ്പെടുത്തി. ഒന്നോ രണ്ടോ നേതാക്കളെ മാത്രം വളര്‍ത്തിയെടുക്കുന്നതായി മുതിര്‍ന്ന നേതാക്കളാല്‍ നിയോഗിക്കപ്പെട്ടവര്ക്കെതിരെ (ഇവര്‍ക്ക് മറ്റാരെയും വിമര്‍ശിക്കാം) ചെറുവിരലനക്കാന്‍പോലും ധൈര്യമുള്ളവര്‍ പാര്‍ട്ടിയിലില്ല.
ഈ ട്രോളുകള്‍ നാം ഗൌരവത്തിലെടുക്കേണ്ടതില്ലേ ആഭ്യന്തരമന്ത്രീ ? ഇതേ മാനദണ്ഡം വെച്ചാണെങ്കില്‍ സദാചാര പോലീസ്, ലൌജിഹാദി വിരുദ്ധ സേന, ഗോസംരക്ഷണ സംഘം, തല്ലിക്കൊല്ലുന്ന ആള്‍ക്കൂട്ടം ഇതൊന്നും ഗൌരവത്തിലെടുക്കേണ്ടതില്ല. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ. ഒരു നടപടിയും ഇല്ല. ഭരണഘടനാ സ്ഥാപനങ്ങളുടെ ഉന്നതങ്ങളിലുള്ളവര്‍ ആത്മാര്‍ഥമായി ഒരു വാക്കുപോലും ഇതിനൊന്നുമെതിരെ ഉരിയാടുന്നില്ല.