മഴക്കെടുതികളെ നേരിടാന്‍ ആരോഗ്യ വകുപ്പും ആരോഗ്യ വിദ്യാഭ്യാസ വകുപ്പും സുസജ്ജമാണെന്ന് മന്ത്രി കെ.കെ. ശൈലജ. എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. മഴക്കെടുതികളുമായി ബന്ധപ്പെട്ട് കൊണ്ടുവരുന്ന മൃതദേഹം കാലതാമസം കൂടാതെ അപ്പോള്‍ തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്ത് റിപ്പോര്‍ട്ട് നല്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി മെഡിക്കല്‍ കോളേജുകളിലെ ഫോറന്‍സിക് വിഭാഗം സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുവരുന്ന ലോറികള്‍ വഴിയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഓക്സിജന്റെ അഭാവം ഉണ്ടാകാതിരിക്കാനായി പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അയയ്ക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ട് സംഘമായി വയനാട്ടിലും കോഴിക്കോട്ടെ പല ഭാഗങ്ങളിമെത്തി ചികിത്സ നല്‍കുന്നുണ്ട്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്ന ആളുകള്‍ക്കുള്ള വിദഗ്ധ ചികിത്സയ്ക്കായി അത്യാഹിത വിഭാഗം സജ്ജമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും വെള്ളപ്പൊക്ക ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എല്ലാവിധ സജ്ജീകരണവുമൊരുക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ താലൂക്ക് ജില്ല, ജനറല്‍ വരെയുള്ള ആശുപത്രികളിലും എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും മതിയായ വൈദ്യ സഹായം ലഭ്യമാക്കും.