മഡൂറോയ്ക്കുനേരെയുള്ള വധശ്രമത്തിൽ ലോകമെങ്ങും പ്രതിഷേധം

Jaihind News Bureau
Monday, August 6, 2018

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കുനേരെയുള്ള വധശ്രമത്തിൽ ലോകമെങ്ങും പ്രതിഷേധം. വിവിധ രാഷ്ട്രത്തലവന്മാരും സാഹിത്യകാരന്മാരും കായികതാരങ്ങളും ആക്രമണത്തെ അപലപിച്ചു.

വേൾഡ് ട്രേഡ് ഫോർ ദ കോമൺ കമ്യൂണിറ്റി (ഫാർക്) നേതാവ് റോഡ്രിഗോ ലൊൻഡാനോയിൽമുതൽ അർജന്റീന സാമൂഹ്യശാസ്ത്രജ്ഞൻ ആദിലിയോ ബോറോണും ലോക ഫുട്‌ബോളർ മറഡോണയും വരെ പ്രതിഷേധവുമായെത്തി.

സാമ്രാജ്യത്വം വീണ്ടും ഇടതുപക്ഷ മാനവികതാവാദികളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് ബൊളീവിയൻ പ്രസിഡന്റ് ഇവോ മോർലെസ് ട്വിറ്ററിൽ കുറിച്ചു. വിപ്ലവസാഹോദര്യത്തെ തകർക്കാനും ലാറ്റിനമേരിക്കൻ രാജ്യങ്ങളെ ഇല്ലാതാക്കാനുമുള്ള ശ്രമം ഭീരുത്വഭീകരരുടേതാണെന്ന് നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഓർട്ടേഗ പറഞ്ഞു.

ആക്രമണത്തെ അമേരിക്ക ഏകോപിപ്പിക്കുകയാണെന്ന് മെക്‌സിക്കൻ തത്വചിന്തകൻ ഫെർണാണ്ടോ ബുൻ അബബ് ട്വിറ്ററിൽ കുറിച്ചു.അമേരിക്കയെ പ്രതിരോധിക്കുന്ന മഡൂറോയ്ക്കും ഒരിക്കലും മരിക്കാത്ത ഷാവേസിനും സഹോദരതുല്യമായ ആശ്ലേഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽ സാൽവദോറിലെ ഫറാബുണ്ടോ മൾട്ടിനാഷണൽ ലിബറേഷൻ ഫ്രണ്ട് (എഫ്എംഎൽഎൻ) വെനസ്വേലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. വെനസ്വേല ജീവിക്കുകതന്നെ ചെയ്യുമെന്നും സംഘടന ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ക്യൂബൻ പ്രസിഡന്റ് മിഗ്വെൽ ഡയസ് കാനെൽ, മുൻ പ്രസിഡന്റ് റൗൾ കാസ്‌ട്രോ എന്നിവരും മഡൂറോയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വധശ്രമത്തെ യൂണിയൻ ഓഫ് സൗത്ത് അമേരിക്കൻ നേഷൻസും അപലപിച്ചു. പ്രശസ്ത അർജന്റീനാ ഫുട്‌ബോളർ മറഡോണയും മഡൂറോയ്‌ക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചു.