ബി.ജെ.പി നേതാക്കളില്‍ നിന്ന് രക്ഷിക്കൂ: ഹെല്‍മറ്റ് ധരിച്ച് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം

ചത്തീസ്ഗഡില്‍ ബി.ജെ.പി നേതാക്കള്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ ഹെല്‍മറ്റ് ധരിച്ചെത്തി മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ബി.ജെ.പി നേതാക്കളും കൂട്ടാളികളും മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചതിനെത്തുടര്‍ന്നാണ് പ്രതിഷേധവുമായി മാധ്യമക്കൂട്ടായ്മ രംഗത്തെത്തിയത്. ബി.ജെ.പി റായ്പൂര്‍ ജില്ലാ പ്രസിഡന്റ് രാജീവ് അഗര്‍വാളും കൂട്ടരുമാണ് മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചത്. അഗര്‍വാളിനെയും മറ്റ് മൂന്നുപേരെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അക്രമത്തെ അപലപിക്കാന്‍ ബി.ജെ.പി നേതൃത്വം തയ്യാറായിരുന്നില്ല.
ബി.ജെ.പിക്കാരുടെ പൊതുപരിപാടിയോ, വാര്‍ത്താസമ്മേളനമോ പ്രതികരണമോ എടുക്കുന്നത് എന്തുതന്നെയായാലും സുരക്ഷാഭീഷണിനേരിട്ടുകൊണ്ട് തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആകില്ലെന്ന് റായ്പൂര്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് ദാമു പറയുന്നു.

റായ്പൂരിലെ അറുന്നൂറോളം മാധ്യപ്രവര്‍ത്തകരാണ് ഹെല്‍മറ്റ് ധരിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തും ബൈക്ക് റാലി നടത്തിയും പ്രതിഷേധിച്ചത്. അഗര്‍വാളിനെതിരെ ബിജെപി നടപടി എടുക്കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി പുതിയ നിയമം കൊണ്ടു വരണമെന്നതുമാണ് തങ്ങളുടെ ആവശ്യമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവര്‍ വ്യക്തമാക്കി.

ശനിയാഴ്ച ബിജെപി ജില്ലാ കമ്മിറ്റി നേതാക്കളുടെ യോഗത്തിനിടെയുണ്ടായ സംഘര്‍ഷം പകര്‍ത്തിയതിനാണ് സുമേഷ് പാണ്ഡെ എന്ന പ്രാദേശിക റിപ്പോര്‍ട്ടറെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഫോണ്‍ പിടിച്ചു വാങ്ങി വീഡിയോ ഡിലീറ്റ് ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു.
കേരളത്തിലും ശബരിമല പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകരെ ബി.ജെ.പിക്കാര്‍ ആക്രമിച്ചിരുന്നു. കനത്ത പ്രതിഷേധവും പരിപാടി ബഹിഷ്‌കരണവും ഉണ്ടായെങ്കിലും സംഭവത്തില്‍ ആര്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുക്കുകയോ അന്വേഷണവുമായി സഹകരിക്കുകയോ ചെയ്തിരുന്നില്ല.

media
Comments (0)
Add Comment