പ്രളയമഴ തുടരുന്നു… കനത്ത നാശനഷ്ടം

സംസ്ഥാനത്ത് മഴ വീണ്ടും രൂക്ഷമായി. വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍. മഴയില്‍ ഇതുവരെ 42 ജീവനുകളാണ് പൊലിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്ക്. ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നു.

വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടലിന്‍റെ ഫലമായി അതിരൂക്ഷമായ നാശനഷ്ടങ്ങളാണുണ്ടായത്. യാത്രാക്ലേശവും ദുരിതമായി. മലയോര മേഖലകളിലെ ചില പേദേശങ്ങള്‍ മണ്ണിടിച്ചിലിലും പ്രളയത്തിലും ഒറ്റപ്പെട്ടു. 444 വില്ലേജുകള്‍ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 33 ഡാമുകള്‍ തുറന്നു. തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

കണ്ണൂർ ഇരിട്ടിക്ക് അടുത്ത് എടപ്പുഴയിൽ വീണ്ടും ഉരുൾപ്പൊട്ടൽ ഭീഷണിയെ തുടർന്ന് 225 പേരെ കരിക്കോട്ടക്കരി യു.പി സ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചു. വാണിയപ്പാറത്തട്ടിലും ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചു. സണ്ണി ജോസഫ് എം.എൽഎ, ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ്, പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവര്‍ ക്യാംപ് സന്ദർശിച്ചു.

മലപ്പുറം പുളിക്കലിനടുത്ത് കൈതക്കുണ്ടയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കണ്ണനാരി വീട്ടിൽ സുനീറ്റയാണ് മരിച്ചത്. ഭർത്താവ് അസീസിനായി തിരച്ചിൽ നടത്തുന്നു.

നെയ്യാർ ഡാമിൽ ജലനിരപ്പ് വീണ്ടും ഉയരുന്നതിനാൽ ഷട്ടറുകൾ 10 അടിയിൽ നിന്നും 12 അടി ആയി ഉയർത്തും. തീരവാസി കൾ ജാഗ്രത പുലർത്തണം. കനത്ത മഴയും നീരൊഴുക്കും തുടരുന്നതിനാൽ അരുവിക്കര , പേപ്പാറ അണക്കെട്ടുകളുടെ കൂടുതൽ ഷട്ടറുകൾ ഉയർത്തി. പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളിൽ മൂന്നെണ്ണം 50 സെ. മി. ഉയർത്തിയിട്ടുണ്ട്. അരുവിക്കര അണക്കെട്ടിന്റെ 6 ഷട്ടറുകളിൽ 5 എണ്ണം ഉയർത്തി. കരമനയാറ്റിൽ ജലനിരപ്പ് ഉയരാനിടയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.

കൊല്ലം ജില്ലയിലെ മലയോര പ്രദേശമായ കുളത്തുപ്പുഴ വെള്ളപ്പൊക്ക ഭീഷണിയിൽ. തിരുവനന്തപുരം-ചെങ്കോട്ട അന്തർ സംസ്ഥാന പാതയിൽ കുളത്തുപ്പുഴ മുപ്പതടി പാലത്തിൽ വെള്ളം കയറി. ആദിവാസി മേഖലയായ 50 ഏക്കർ പ്രദേശത്തേക്ക് എത്തിച്ചരാനുള്ള ഏക പാലം പൂർണമായും വെള്ളത്തിനടിയിലായി. പാലത്തിന് സമീപം പ്രവർത്തിക്കുന്ന  ട്രൈബൽ ഹോസ്റ്റലിലെ കുട്ടികളെ ട്രൈബൽ എൽ.പി സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്.

കല്ലുവെട്ടാംകുഴിയിൽ ആറ്റിറമ്പ് പ്രദേശത്ത് വെള്ളം കയറിയതോടെ ഇവിടെയുള്ള കുടുംബങ്ങളെ മാറ്റിപാർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവർക്കായി കല്ലുവെട്ടാംകുഴി ഹയർസെക്കൻഡറി സ്‌കൂളിൽ ക്യാമ്പ് തുറക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കുളത്തുപ്പുഴയും വെള്ളപ്പൊക്ക ഭീഷണിയായതോടെ തെന്മല പരപ്പാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം ഒഴുക്കിവിടാനുള്ള നിർദേശം നൽകി.

Heavy RainFlood
Comments (0)
Add Comment