ലോകകപ്പ് ഫുട്ബോളിലെ പ്രീക്വാർട്ടറിൽ ലോകചാമ്പ്യന്മാരായ സ്പെയിനിനെതിരെ ആതിഥേയരായ റഷ്യക്ക് ജയം. ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെ പെനൽറ്റി ഷൂട്ടൗട്ടിലേക്ക് മൽസരം നീളുകയായിരുന്നു. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾ നേടിയാണ് റഷ്യ ക്വാർട്ടറിലേക്ക് മുന്നേറിയത്.
ലോകകപ്പിലെ എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റിയിലേക്കും നീണ്ട ആദ്യമത്സരമായിരുന്നു സ്പെയിൻ-റഷ്യ പോരാട്ടം. കളി തുടങ്ങി 12-ാം മിനിറ്റിൽ തന്നെ സ്പെയിൻ ആദ്യ ലീഡ് നേടി. ഇസ്കോയുടെ ഫ്രീകിക്കിൽ നിന്ന് വല ചലിപ്പിക്കാൻ സെർജിയോ റാമോസ് ശ്രമിക്കുന്നതിനിടെ റഷ്യയുടെ ഇഗ്നാഷെവിച്ചിന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലെത്തുകയായിരുന്നു. ഈ ലോകകപ്പിലെ പത്താമത്തെ സെൽഫ് ഗോളാണിത്.
നാൽപ്പത്തിയൊന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് റഷ്യ പകരം വീട്ടിയത്. റഷ്യയുടെ കോർണർ കിക്കിനിടെ ബോക്സിലേക്കുളള പന്ത് പീക്വെയുടെ കയ്യിൽ തട്ടിയതോടെ റഫറി പെനാൽറ്റി വിളിച്ചു. റഫറിയോട് തർക്കിച്ച പീക്വെയ്ക്ക് മഞ്ഞക്കാർഡും വാങ്ങി. പിന്നീട് പെനാൽറ്റി കിക്ക് എടുത്ത സ്യൂബ ഗോൾവല ചലിപ്പിച്ച് മത്സരം സമനിലയിലാക്കി.
ലീഡിനായി ഇരുടീമും മുന്നേറ്റം നടത്തിയെങ്കിലും നിശ്ചിത സമയം സമനിലയിൽ പിരിഞ്ഞു. പിന്നീടാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് മാറിയത്. എക്സ്ട്രാ ടൈമിലും ഗോളൊന്നും പിറന്നില്ല. സ്പെയിനിന്റെ ഏറ്റവും നിരാശ നിറഞ്ഞ പ്രകടനത്തിൽ ആതിഥേയർക്ക് മുന്നിൽ അടിപതറിയതോടെ വിധി ഷൂട്ടൗട്ടിലേക്ക് മാറി.
സ്പെയിനിന്റെ ഇനിയെസ്റ്റയാണ് ആദ്യം കിക്കെടുത്തത്. ലക്ഷ്യം തെറ്റിയില്ല. റഷ്യയുടെ സ്മോളോവിന്റെ മറുപടി കിക്കും വല കുലുക്കി.
സ്പെയിനിന്റെ രണ്ടാം കിക്കെടുത്ത പിക്വയ്ക്കും പിഴച്ചില്ല.
സെൽഫ് ഗോളടിച്ച ഇഗ്നാഷെവിച്ചും ലക്ഷ്യം കണ്ടു.
മൂന്നാം കിക്കെടുത്ത സ്പെയിനിന്റെ കോക്കോയ്ക്ക് പിഴച്ചു. വലത്തോട്ട് ചാടിയ ഗോളി അക്കിൻഫീന്റെ കൈകളിൽ തട്ടി പന്ത് പുറത്തേക്ക്.
സ്പാനിഷ് ക്യാപ്റ്റൻ സെർജിയോയും പന്ത് ഗോൾ വലയിലെത്തിച്ചു.
റഷ്യയുടെ ചെറിഷോവും ഉന്നം തെറ്റിച്ചില്ല.
എന്നാൽ അഞ്ചാം കിക്കെടുത്ത ആസ്പാസ് സ്പെയിനിന്റെ വിധിയെഴുതി.
റഷ്യയ്ക്കായി ആദ്യ നാല് പേരും ലക്ഷ്യം കണ്ടതോടെ അഞ്ചാം കിക്ക് കൂടാത തന്നെ റഷ്യ ക്വാർട്ടർ ബർത്ത് സ്വന്തമാക്കി.