പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള അഞ്ച് പേർക്ക് കോവിഡ് 19 ഇല്ലെന്ന് സ്ഥിരീകരണം

 

പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള അഞ്ച് പേർക്ക് കോവിഡ് 19 ഇല്ലെന്ന് സ്ഥിരീകരണം. ഇറ്റലിയിൽ നിന്നും രോഗം ബാധിച്ച് റാന്നിയിലെത്തിയവരുടെ ബന്ധുക്കളായിരുന്നു ഇവർ. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന അഞ്ച് പേർക്കും രോഗമില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതിനിടെ എറണാകുളത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു.

അതേസമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രണ്ട് വൃദ്ധ ദമ്പതികളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കുറേ പേരിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. പ്രത്യേക മാപ്പിംഗ് തയാറാക്കിയാണ് ഇവര്‍ സമ്പര്‍ക്കം പുലർത്തിയവരെ  കണ്ടെത്തുന്നത്. എറണാകുളത്ത് ചികിത്സയിലുള്ളവരോടൊപ്പം വിമാനത്തില്‍ സഞ്ചരിച്ച ആളുകളുടേയും വിവരങ്ങള്‍ ശേഖരിച്ച് വരുന്നുണ്ട്. കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. എല്ലാ വിധ സഹായങ്ങളും കേന്ദ്രസർക്കാർ വാഗദാനം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Comments (0)
Add Comment