സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരിൽ കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് വീട്ടിൽ പ്രീത ഷാജിയുടെ സ്ഥലം ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധക്കാർ പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ജപ്തി നടപടികളിൽ നിന്ന് അധികൃതർ താല്കാലികമായി പിന്മാറി. പ്രദേശത്ത് സംഘർഷാവസ്ഥ.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷക കമ്മീഷൻ ജപ്തി നടപടികൾക്കായി എത്തിയത്. ആവശ്യമെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിനായി വനിതാ പോലീസ് അടക്കമുള്ളവരുടെ സഹായം തേടാമെന്നും കോടതി പറഞ്ഞിരുന്നു. അധികൃതർ ജപ്തി ചെയ്യാനെത്തിയെന്നറിഞ്ഞ നാട്ടുകാർ ഇവരെ തടഞ്ഞു.
പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പ്രീതയുടെ വീടിന് മുന്നിലെ നിരത്തിൽ പെട്രോളൊഴിച്ച് നാട്ടുകാർ തീ വെച്ചു. അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്.
അതിനിടെ പ്രതിഷേധക്കാരില്‍ ചിലര്‍ പെട്രോളൊഴിച്ചു തീകൊളുത്തി. പരിക്കേറ്റ ഒരു സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. ജപ്തി നടപടികളുമായി മുന്നോട്ടുപോയാല്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രീതയും കുടുംബവും വ്യക്തമാക്കി. എന്തുവന്നാലും ഒഴിഞ്ഞു കൊടുക്കില്ലെന്ന് പ്രീത ഷാജി വ്യക്തമാക്കി.
ഭൂമാഫിയക്ക് വേണ്ടി അധികൃതർ ഒത്തുകളിക്കുന്നതായി പ്രീത ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് ജപ്തി നടപടികൾ താല്‍ക്കാലികമായി നിർത്തി വെച്ചതിനെ തുടർന്ന് പോലീസ് പ്രദേശത്ത് നിന്ന് പിന്മാറി. 1994 ലാണ് പ്രീത തന്റെ സുഹൃത്തിന് രണ്ടര ലക്ഷം രൂപ വായ്പയെടുക്കാൻ വേണ്ടി ജാമ്യം നിന്നത്.