ചെമ്മനം ചാക്കോ അന്തരിച്ചു

പ്രശസ്ത കവിയും അധ്യാപകനുമായിരുന്ന ചെമ്മനം ചാക്കോ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മലയാള ഹാസ്യ കവിതാ ശാഖയെ ശക്തിപ്പെടുത്തിയ കവിയായിരുന്നു ചെമ്മനം ചാക്കോ. വിമർശനഹാസ്യമായിരുന്നു അദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. അമ്പതിലേറെ കൃതികൾ രചിച്ചിട്ടുളള ചെമ്മനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2006 ൽ സമഗ്ര സംഭാവനക്കുള്ള സാഹിത്യ പുരസ്‌കാരം നേടി. കേരളസാഹിത്യ അക്കാദമി, ഓഥേഴ്‌സ് ഗിൽഡ് ഓഫ് ഇൻഡ്യ, സമസ്ത കേരള സാഹിത്യപരിഷത്ത്, മലയാളം ഫിലിം സെൻസർബോർഡ്, കേന്ദ്രസാഹിത്യ അക്കാദമി മലയാളം അഡ്വൈസറി ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചു

1926 മാർച്ച് 7ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മുളക്കുളം ഗ്രാമത്തിൽ വൈദികനായിരുന്ന യോഹന്നാൻ കത്തനാരുടെയും സാറയുടെയും മകനായി ജനിച്ച ചെമ്മനം ചാക്കോയുടെ വിദ്യാഭ്യാസം പിറവം സെന്റ് ജോസഫ് ഹൈസ്‌ക്കൂൾ, ആലുവ യു സി കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു . മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ് ബിരുദം നേടിയ അദ്ദേഹം പിറവം സെന്റ് ജോസഫ് ഹൈസ്‌കൂൾ, പാളയംകോട്ട സെന്റ് ജോൺസ് കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കേരള സർവ്വകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു.

1968 മുതൽ 86 വരെ കേരള സർവ്വകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1940കളിലാണ് സാഹിത്യരംഗത്തേക്കുളള വരവ്. 1946ൽ ചക്രവാളം മാസികയിൽ പ്രവചനം എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. 1967ൽ കനകാക്ഷരങ്ങൾ എന്ന വിമർശകവിതാ സമാഹാരമാണ് പ്രസിദ്ധി നേടിക്കൊടുത്തത്. തനിക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപഹാസ്യ ബിംബങ്ങളിലൂടെയും വിമർശിക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ‘ആളില്ലാ കസേരകൾ’ എന്ന കവിത ഏറെ പ്രശസ്തമായിരുന്നു.

Comments (0)
Add Comment