ഗാന്ധിജിയുടെ കേരള യാത്രയ്ക്ക് 100 വയസ്; സ്മരണകളില്‍ കോഴിക്കോട്

 

കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആദ്യ കേരള സന്ദർശനത്തിന് ഒരു നൂറ്റാണ്ട് പൂർത്തിയാകുമ്പോൾ ആ സ്മരണകൾ ആഘോഷമാക്കുകയാണ് കോഴിക്കോട് നഗരവും. ഗാന്ധിജിയുടെ പാദസ്പർശമേറ്റ് പവിത്രമായ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുഡിഎഫിന്‍റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തി.

1920 ആഗസ്ത് 18 ന്‌ ഖിലാഫത്ത്‌ പ്രസ്‌ഥാനത്തിന്‍റെ പ്രചാരണാര്‍ഥം നടന്ന പൊതുയോഗത്തില്‍ പങ്കെടുക്കാനായിരുന്നു മഹാത്മാ ഗാന്ധിയുടെ കേരളത്തിലേക്കുള്ള ആദ്യ വരവ്‌. 20 മണിക്കൂറാണ്‌ ഗാന്ധിജി ആ സന്ദര്‍ശനവേളയില്‍ മലബാറിന്‍റെ ആസ്‌ഥാനമായിരുന്ന കോഴിക്കോട്ട്‌ തങ്ങിയത്‌. കോഴിക്കോട് കടപ്പുറത്തായിരുന്നു പ്രസംഗവേദി. ആ ദിനങ്ങളെ ഭക്തിയോടെ ആദരിക്കുകയാണ് ഇന്ന് കോഴിക്കോട് നഗരം.

ഗാന്ധിജിയുടെ വാക്കുകളും പ്രവർത്തനങ്ങളും ഏറ്റവും പ്രസക്തമാകുന്ന ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്‍റെ ആദ്യ കേരള സന്ദർശനത്തെ സ്മരിച്ചു കൊണ്ട് യുഡിഎഫ് നേതാക്കൾ പുഷ്പാർച്ചന നടത്തി. എം.കെ രാഘവൻ എംപി,  എം. കെ മുനീർ എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്‍റ് ടി. സിദ്ധിഖ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comments (0)
Add Comment