അഭിമന്യു കൊലപാതകം; എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ്

Jaihind News Bureau
Thursday, July 5, 2018

മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ്. പ്രതികൾക്കായി പെരുമ്പാവൂരിലെ എസ്.ഡി.പി.ഐ ഓഫീസിൽ റെയ്ഡ്.

അഭിമന്യുവിന്‍റെ നെഞ്ചിൽ കുത്തിയത് ഉയരം കുറഞ്ഞ വ്യക്തിയാണെന്നും ഇയാൾ ധരിച്ചിരുന്നത് കറുത്ത ഫുൾക്കൈ ഷർട്ടാണെന്നും പോലീസ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് പതിനഞ്ചംഗ സംഘമാണ്. ഇതിൽ പതിനാല് പേരും ക്യാമ്പസിന് പുറത്തുനിന്നുള്ള എസ്.ഡി.പി.ഐ പ്രവർത്തകരാണ്. കേസിൽ ഉൾപ്പെട്ട വടുതല സ്വദേശി മുഹമ്മദ് മാത്രാണ് കോളജിലെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകൻ.

അക്രമിസംഘം രണ്ട് തവണ കോളജിലെത്തിയതായും പോലീസ് പറയുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ കൊലപാതകം നടത്തിയത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്താനുള്ള നീക്കത്തിലാണ് പോലീസ്. പ്രതികൾക്ക് ഒളിവിൽപോകാൻ എസ്.ഡി.പി.ഐ നേതൃത്വം സഹായം നൽകി എന്ന വിവരത്തെ തുടർന്ന് പാർട്ടി ഓഫീസുകളിൽ പോലീസ് റെയ്ഡ് തുടരുകയാണ്.

എസ്.ഡി.പി.ഐ എറണാകുളം ജില്ലാ പ്രസിഡണ്ട് ഫാറൂഖ്, സെക്രട്ടറി ഷൗക്കത്ത് എന്നിവരെ പോലീസ് കരുതൽ തടങ്കലിലെടുത്തു. എറണാകുളം റൂറൽ പോലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യപേപ്പർ വിവാദവുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടി മാറ്റിയ കേസിലെ പ്രതികൾക്ക് ഈ കേസുമായി ബന്ധമുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.