മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ ആദ്യം അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ നാല് എസ്.ഡി.പി.ഐ-ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിലായിട്ടുണ്ട്. അഭിമന്യുവിന്റെ കൊലയാളിയെ തിരിച്ചറിഞ്ഞതായും പോലീസ് സൂചിപ്പിച്ചു. കേസിൽ യു.എ.പി.എ ചുമത്തുന്ന കാര്യം പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.
മഹാരാജാസ് കോളേജ് ക്യാംപസിലെ ക്യാംപസ് ഫ്രണ്ട്-എസ്.എഫ്.ഐ സംഘർഷം അറിയാവുന്ന ഒരാൾ ആസൂത്രണം ചെയ്തതാണ് കൊലപാതകമന്നാണ് ഏറ്റവും ഒടുവിലെ പോലീസ് നിഗമനം. അഭിമന്യു മാത്രമായിരുന്നില്ല ലക്ഷ്യമെന്നും സൂചനയുണ്ട്. സമീപത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളുടെയും പിടിയിലായവരുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ അഭിമന്യുവിനെ കുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
https://www.youtube.com/watch?v=6jldUmSiEu8
സംഭവദിവസം പ്രതികൾ തങ്ങിയ എറണാകുളത്തെ വീടും കണ്ടെത്തി. മഹാരാജാസ് കോളേജ് വിദ്യാർഥി മുഹമ്മദിനെ കൂടാതെ മറ്റൊരു മുഹമ്മദ് കൂടി സംഘത്തിലുണ്ടായിരുന്നതായി തെളിഞ്ഞു. അക്രമികളെ കോളേജിലേക്ക് വിളിച്ചു വരുത്തിയ മുഹമ്മദിനായി തെരച്ചിൽ ഊർജിതമാണ്.
നേരത്തെ ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാർച്ചിന് നേതൃത്വം നൽകിയ എസ്.ഡി.പി.ഐ നേതാക്കളുടെ വീടുകളിൽ പോലീസ് പരിശോധന നടത്തി. എന്നാൽ ഇവരെല്ലാം ഒളിവിലാണ്. അതേസമയം ഇന്നലെ കസ്റ്റഡിയിൽ എടുത്ത നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ അറസ്റ്റിലായ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ ലഭിച്ചതോടെ കേസിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
അഭിമന്യു കൊലക്കേസിന്റെ വിവരങ്ങൾ എൻ.ഐ.എയും ശേഖരിക്കുന്നുണ്ട്. യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തുന്ന കാര്യം പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.