അഞ്ച് വർഷം മുൻപ് ഉണ്ടായ കെടുതികളുടെ ഓർമയില്‍ ആലുവ തുരുത്ത്

Jaihind News Bureau
Wednesday, August 1, 2018

അഞ്ച് വർഷം മുൻപ് ഇടമലയാർ ഡാം തുറന്ന് വിട്ടപ്പോൾ ഉണ്ടായ കെടുതികളുടെ ഓർമയിലാണ് ആലുവ തുരുത്തിലെ നൂറോളം കുടുംബങ്ങൾ. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് അറിയുമ്പോഴും ആശ്വസിക്കാൻ ഇവർക്കാകുന്നില്ല.

പുളിക്ക്യത്ത് സുനിൽ കുമാറിന്‍റെ വീട്ടിൽ നിത്യരോഗിയായ ഒരമ്മയുണ്ട്. ഓക്‌സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഈ അമ്മയെയും കൊണ്ട് വേണം സുനിൽകുമാറിന് ഇവിടെ നിന്നും മാറാൻ. ഈ പ്രദേശത്തെ മിക്ക താമസക്കാരും വീട്ടുസാധനങ്ങളെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി കഴിഞ്ഞു. അധികാരികളിൽ നിന്ന് അറിയിപ്പ് ലഭിച്ചാലുടൻ നാട്ടുകാരെല്ലാം ദുരിതാശ്വാസ ക്യാമ്പായി കണ്ടെത്തിയിട്ടുള്ള സർക്കാർ എൽ പി സ്‌കൂളിലേക്ക് മാറും.

അതേസമയം, രക്തം വെള്ളമാക്കി മണ്ണിൽ പണിയെടുത്തുണ്ടാക്കിയതെല്ലാം എന്ത് ചെയ്യുമെന്നാണ് ഇവരുടെ ചോദ്യം.

കാലം മുന്നോട്ട് പോകുന്തോറും പുഴ കയ്യേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളുമെല്ലാം വ്യാപകമാണ്. അതുകൊണ്ട് തന്നെ വെള്ളപ്പൊക്കമുണ്ടായാൽ കെടുതികൾ പ്രവചനങ്ങൾക്ക് അതീതമാണ്.

https://www.youtube.com/watch?v=8-cjLPsKco4