സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ 50% വര്‍ധന; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, June 30, 2018

സ്വിസ്ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ 50 ശതമാനത്തിന്റെ വർധനയെന്ന റിപ്പോർട്ടിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരിഹാസം. ഇത് കള്ളപ്പണമല്ല വെള്ളപ്പണമാണെന്നാണ് മോദി പറയുന്നതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കളളപ്പണവേട്ടക്കെതിരേ സർക്കാർ കർശന നടപടിയെടുത്തെന്ന് അവകാശപ്പെടുപ്പോഴും നോട്ട് നിരോധനത്തിനുശേഷം നിക്ഷേപം ഏഴായിരം കോടി രൂപയായിട്ടാണ് ഉയർന്നത്.
മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് കൂപ്പുകുത്തിയ നിക്ഷേപമാണു മോദി സർക്കാരിന്റെ കാലത്ത് റെക്കോഡ് തൊട്ടതെന്നു രാഹുൽ ഗാന്ധിചൂണ്ടിക്കാട്ടി.

2004 ന് ശേഷമുള്ള ഏറ്റവും വലിയ കുതിച്ചുചാട്ടമാണിത്. സ്വിസ് ബാങ്കിൽനിന്ന് കള്ളപ്പണം തിരിച്ചുകൊണ്ടു വന്ന് ഓരോ പൗരന്റെയും അക്കൗണ്ടിൽ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് 2014-ൽ മോദി പ്രഖ്യാപിച്ചിരുന്നു.

നോട്ടുനിരോധനം കള്ളപ്പണത്തിനെതിരേയുള്ള ചികിത്സയാണെന്ന് 2016-ൽ അദ്ദേഹം പറഞ്ഞു. ഇതു വെള്ളപ്പണമാണെന്നാണ് 2018-ൽ മോദി പറയുന്നതെന്നും രാഹുൽ ട്വിറ്ററിൽ പരിഹസിച്ചു. കളളപ്പണം രാജ്യത്ത് തിരിച്ചുകൊണ്ടു വരുമെന്നും അഴിമതി നിർമാർജനം ചെയ്യുമെന്നുള്ള പ്രധാനമന്ത്രിയുടെ വാഗ്ദാനം വെറും പാഴ് വാക്കുകൾ മാത്രമാണെന്നും രാഹുൽ വിമർശിച്ചു.