സ്വന്തം വീട്ടിൽ പ്രസവത്തിനു ശ്രമിച്ച യുവതി രക്തംവാർന്ന് മരിച്ചു

Jaihind News Bureau
Friday, July 27, 2018

സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെ സ്വന്തം വീട്ടിൽ പ്രസവത്തിനു ശ്രമിച്ച യുവതി രക്തംവാർന്ന് മരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് ദാരുണ സംഭവം അരങ്ങേറിയത്. രണ്ടാമത്തെ കുട്ടിക്ക് വേണ്ടി നടത്തിയ പ്രസവമാണ് ദുരന്തത്തിൽ കലാശിച്ചത്.

യുവതിയും ഭർത്താവ് കാർത്തികേയനും രണ്ടാമത്തെ കുട്ടിയുടെ പ്രസവം വീട്ടിൽ നടത്താൻ തീരുമാനിച്ചു. ഫേസ്ബുക്കും യൂടുബും ആണ് ഇതിനായി ഇവർ ആശ്രയിച്ചത്. ഇതിലെ വീഡിയോകളുടെ സഹായത്താൽ പ്രസവം നടത്താനായിരുന്നു തീരുമാനം. പ്രസവ ദിവസം കാർത്തികേയൻ ഇയാളുടെ സുഹൃത്തിനെയും ഭാര്യയേയും കൂടി സഹായത്തിനു വിളിച്ചു. ഇവരാരും വൈദ്യശാസ്ത്രം പഠിച്ചവരോ ഈ മേഖലയിൽ പരിചയം ഉള്ളവരോ ആയിരുന്നില്ല. മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും പ്രസവത്തിൻറെ വീഡിയോ കണ്ടാണ് നിർദേശങ്ങൾ നൽകിയത്.

പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും അബോധാവസ്ഥയിലായി. ഉടനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിതമായി രക്തം വാർന്ന യുവതി മരിക്കുകയായിരുന്നു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസികൾ ചൈൽഡ് ഡവലപ്‌മെൻറ് അധികൃതരെ വിവരം അറിയിച്ചതോടെ ഇവരുടെ പരാതിയിൽ കാർത്തികേയനെ പോലീസ് അറസ്റ്റ് ചെയ്തു