സര്‍ക്കാര്‍ ഏറ്റെടുത്ത് മാസങ്ങള്‍ പിന്നിട്ടിട്ടും രോഗികള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ച് പരിയാരം മെഡിക്കല്‍ കോളേജ്

Jaihind News Bureau
Tuesday, June 19, 2018

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് മാസങ്ങൾ പൂര്‍ത്തിയായിട്ടും  സൗജന്യ ചികിത്സയടക്കം  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍നിന്ന് ലഭിക്കേണ്ട ഒരാനുകൂല്യവും പരിയാരത്ത് ലഭ്യമല്ല. സർക്കാർ സേവനം പരിയാരം മെഡിക്കൽ കോളേജിൽ  നടപ്പിലാക്കാത്തത്  ചില വൻകിട സ്വകാര്യ ആശുപത്രികളെ സഹായിക്കാനെന്ന് ആരോപണം.

ഇക്കഴിഞ്ഞ ഏപ്രില്‍ ഇരുപത്തിയേഴിനാണ് പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രഖ്യാപനം  നടത്തിയത്. ആര്‍.സി.സി മാതൃകയില്‍പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സ്വയംഭരണ സ്ഥാപനമാക്കി പരിയാരത്തെ മാറ്റുമെന്നായിരുന്നു  ആരോഗ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പ്രഖ്യാപനം. എന്നാല്‍ സര്‍ക്കാര്‍ഏറ്റെടുത്ത് മാസം രണ്ട്  കഴിഞ്ഞിട്ടും പരിയാരം മെഡിക്കല്‍ കോളേജില്‍ കാര്യങ്ങളെല്ലാം പഴയപടി തന്നെയാണ്. സർക്കാർ ഏറ്റെടുത്താൽ ലഭിക്കേണ്ട  സൗജന്യ നിരക്കിലുള്ള ഒരു സേവനവും പരി യാരത്ത് എത്തുന്ന രോഗികൾക്ക് ലഭിക്കുന്നില്ല. ഒ.പി ടിക്കറ്റിന് അന്‍പത് രൂപയും സൂപ്പര്‍സ്പെഷ്യാലിറ്റിയില്‍ നൂറ്റിയന്‍പത് രൂപയും നല്‍കിയാല്‍ മാത്രമെ ഡോക്ടറെ കാണാനാവൂ. മരുന്നുകള്‍ ലഭിക്കാനും പണം നല്‍കണം.

ആശുപത്രിയുടെ നടത്തിപ്പിനായി കലക്ടറെ ചെയര്‍മാനും കോഴിക്കോട് മെഡിക്കല്‍കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രവീന്ദ്രനെയും ഉൾപ്പെടുത്തി ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടെങ്കിലും കോളേജിന്‍റെ ദൈനംദിന കാര്യങ്ങളില്‍ ഇവരുടെ കാര്യമായ ഇടപെടൽ ഉണ്ടാവാറില്ല. പരി യാരത്ത് പഠനഫീസും ചികിത്സാ നിരക്കും നിശ്ചയിക്കാൻ സർക്കാർ ഏറ്റെടുത്ത വേളയിൽ അഞ്ചംഗ കമ്മിറ്റി  ചുമതലപ്പെടുത്തിയിരുന്നു.

പരിയാരം മെഡിക്കൽ കോളേജിൽ സർക്കാർ നിരക്കിൽ ചികിത്സാഫീസ് ഏർപ്പെടുത്താതെ ആരോഗ്യ ഇൻഷുറൻസ് നിരക്ക് നടപ്പാക്കാനാണ് ഈ കമ്മിറ്റി ശുപാർശ ചെയ്തത്. മെഡിക്കൽ കോളേജിലെ കോഴ്സുകളിലെ പ്രവേശന ഫീസ് നിർണയിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ  ചെയർമാനായ കമ്മിറ്റിയെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഫീസ് നിർണയ കമ്മിറ്റി ഇതു വരെയും റിപ്പോർട്ട് നൽകിട്ടില്ല. ഫീസ് നിർണയ കമ്മിറ്റിയുടെ റിപ്പോർട്ട് നീളുന്നതിനാൽ സ്വാശ്രയ കോളേജുകളിലെ ഫീസ് ഈടാക്കിയാണ് പി.ജി അടക്കം പല കോഴ്സുകളിലും പ്രവേശനം നടത്തിയത്.  ഉയർന്ന മാർക്കും റാങ്കും ലഭിച്ചാലും പാവപ്പെട്ട കുട്ടികൾക്ക് പരിയാരത്ത് പഠിക്കാൻ സ്വാശ്രയ ഫീസ് കൊടുക്കണം. ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട ആളുകളിൽ നിന്ന്  സ്വകാര്യ ആശുപത്രിയിലെ നിരക്കാണ്ഈടാക്കുന്നതും.

പരിയാരത്ത് പൂർണമായും സർക്കാർ സേവനം നടപ്പിലാക്കിയാൽ   മംഗളുരു ഉൾപ്പടെ പല സ്വകാര്യ ആശുപത്രികളെയും പ്രതികൂലമായി ബാധിക്കും എന്ന വിമർശനമാണ് ഉയരുന്നത്. ജില്ലാ കളക്ടറെ പേരിന് മുന്നിൽ നിർത്തി സി.പി.എമ്മിന്റെ ബദൽ ഭരണമാണ് പരിയാരത്ത് നടക്കുന്നത് എന്ന വിമർശനവും ഉയരുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്.