സംസ്ഥാനത്ത് കനത്ത മഴയിൽ മരിച്ചത് 29 പേർ; വ്യാപകമായ നാശനഷ്ടം

Jaihind News Bureau
Saturday, August 11, 2018

സംസ്ഥാനത്ത് അസാധാരണമായ പെയ്യുന്ന മഴയിൽ 29 പേരാണ് മരിച്ചത്. നാല് പേരെ കാണാതായിട്ടുണ്ട്. വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലെത്തും.

ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് 25 പേർ മണ്ണിടിച്ചിലിലും നാലു പേർ മുങ്ങിയുമാണ് മരിച്ചത്. നാലു പേരെ കാണാതായിട്ടുണ്ട്.

പാലക്കാടും എറണാകുളത്തുമാണ് രണ്ടു പേർ വീതം മുങ്ങിമരിച്ചത്. മലപ്പുറത്ത് ആറും ഇടുക്കിയിൽ 12ഉം കോഴിക്കോട് ഒന്നും കണ്ണൂരിൽ രണ്ടും വയനാട്ടിൽ നാലു പേരുമാണ് മണ്ണിടിഞ്ഞ് വീണ് മരിച്ചത്.

https://www.youtube.com/watch?v=6Fj8mGVsb5I

കനത്ത മഴയിൽ 71 വീടുകൾ ഭാഗികമായും 29 വീടുകൾ പൂർണമായും നശിച്ചിട്ടുണ്ട്.  ഇടുക്കിയിൽ രണ്ടും മലപ്പുറത്തും പാലക്കാടും ഓരോരുത്തരെയും കാണാതായിട്ടുണ്ട്. 21 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. സംസ്ഥാനത്താകെ 439 ദുരിതാശ്വാസ ക്യാമ്പുകളിലായി 12240 കുടുംബങ്ങളിലെ 54000തോളം പേരാണ് കഴിയുന്നത്.

അതേസമയം സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലെത്തും. കഴിഞ്ഞ ദിവസം രാജ്‌നാഥ്‌സിംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു.

കേന്ദ്രത്തിൽനിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നൽകിയിട്ടുണ്ട്. അതേസമയം കേരളത്തിലുണ്ടായ പ്രളയത്തെ കേന്ദ്രസർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കനത്ത മഴ നാശം വിതച്ച സാഹചര്യത്തിൽ തിരുവനന്തപുരത്ത് സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ മാറ്റി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.