ഷുഹൈബ് വധക്കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

Jaihind News Bureau
Friday, July 20, 2018

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. വധക്കേസിലെ തുടരന്വേഷണം അട്ടിമറിച്ച പോലീസിന്റെയും സർക്കാരിന്റെയും നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നാളെ മട്ടന്നൂർ സി.ഐ ഓഫീസിലേക്ക് മാർച്ച് നടത്തും.

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ തുടരന്വേഷണം നിലച്ച സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ സി.ഐ ഓഫീസിലേക്ക് മാർച്ച് നടത്തുന്നത്. ശുഹൈബിനെ കൊലപ്പെടുത്തിയ ആകാശ് തില്ലങ്കേരി ഉൾപ്പടെയുള്ള പ്രതികൾക്ക് സഞ്ചരിക്കാനുള്ള വാഹനത്തിന്‍റെ വാടക നൽകിയ സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി പ്രശാന്തടക്കമുള്ളവരുടെ പേര് കുറ്റപത്രത്തിൽ പരാമർശിച്ചെങ്കിലും അവർക്കെതിരെ നടപടി എടുക്കാൻ പൊലീസ് തയാറായിട്ടില്ല.

അറസ്റ്റിലായ പതിനൊന്ന് പേരെ കൂടാതെ ആറുപേരെ കൂടി പരാമർശിച്ചാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രധാന പ്രതികളായ പതിനൊന്ന് പ്രതികളെ കൂടാതെ ലോക്കൽ സെക്രട്ടറി പ്രശാന്ത് ഉൾപ്പടെ മറ്റു ആറ് പേരുടെ പേരും കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. പ്രശാന്തിന് പുറമെ സി.പി.എം പ്രവർത്തകരായ അവിനാശ്, നിജിൽ, സിനീഷ്, സുബിൻ, പ്രജിത്ത് എന്നിവരുടെ പേരുകളാണുള്ളത്.ഇവരെ ഇതുവരെ കേസിൽ ചോദ്യം ചെയ്തിതിട്ടില്ല.

പ്രശാന്ത് ഉൾപ്പടെയുള്ളവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് നിലപാട്. ലോക്കൽ സെക്രട്ടറിയായ പ്രശാന്ത് പാർട്ടി പരിപാടികളിലും മറ്റും പങ്കെടുക്കുമ്പോഴാണ് പൊലീസ് കണ്ണില്‍ പൊടിയിടുന്ന നിലപാട് സ്വീകരിക്കുന്നത്. സി.പി.എം കേന്ദ്രങ്ങളിൽ നിന്നുള്ള കൃത്യമായ നിർദേശം അനുസരിച്ചാണ് പൊലീസ് പ്രവർത്തിക്കുന്നതെന്ന വിമർശനമാണ് ഉയരുന്നത്.

ഗൂഢാലോചന അന്വേഷിച്ചു എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ശുഹൈബിനെ കൊലപ്പെടുത്താൻ നിർദേശം നൽകിയ സി.പി.എം നേതാക്കളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിന് എതിരെയാണ് സി.ഐ ഓഫീസിലേക്ക് മാർച്ച് നടത്തുന്നത്.

യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ മാർച്ച് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യും.