ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായി അധികാരത്തിലിരുന്ന കാലഘട്ടത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം 10 ശതമാനത്തിന് മുകളിൽ എത്തിയിരുന്നുവെന്ന റിപ്പോർട്ടുകൾ മോദി സർക്കാർ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് മാറ്റി. ഇത് താത്കാലികമായ കണക്കുകളെ ആധാരമാക്കിയാണ് തയാറാക്കിയതെന്ന ന്യായം പറഞ്ഞാണ് റിപ്പോര്‍ട്ട് നീക്കിയത്. ഈ കണക്കുകൾ മറ്റെവിടെയും ഉദ്ധരിക്കരുതെന്ന നിർദേശവും മോദി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഈ റിപ്പോർട്ടിലെ വസ്തുതകള്‍ ഇപ്പോൾ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കമ്മീഷന്റെ വെബ് സൈറ്റിൽ ‘ഡ്രാഫ്റ്റ്’ എന്ന വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.
ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒന്നാം യു.പി.എ ഭരണകാലഘട്ടത്തില്‍ (2007 -08 വര്‍ഷത്തില്‍) ജി.ഡി.പി 10 .23 ശതമാനം വളർച്ച കൈവരിച്ചിരുന്നു. രണ്ടാം യു.പി.എ സർക്കാരിന്റെ കാലഘട്ടത്തിൽ (2010 – 2011 വർഷത്തിൽ) ജി.ഡി.പി വളർച്ച 10 .78 ശതമാനമായിരുന്നു. 2004 -05 മുതൽ 2007 -08 വരെ ആഭ്യന്തര ഉല്പാദനത്തിലെ ശരാശരി വളർച്ച 9 .42 ശതമാനമായിരുന്നു. എന്നാൽ മോദി സർക്കാരിന്റെ കഴിഞ്ഞ നാലു വർഷക്കാലത്തെ ഭരണത്തിൽ ഇത് 7 .15 ശതമാനം മാത്രമാണ്.
മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് മികച്ച ജി ഡി പി വളർച്ച ഉണ്ടായി എന്ന് വരുന്നത് തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ രാഷ്ട്രീയമായി
തങ്ങൾക്ക് ദോഷം ചെയ്യുമെന്ന് വിലയിരുത്തിയാണ് നടപടി. മോദി സര്‍ക്കാരിന്റെ സമ്പദ്ഘടനയിലെ നിരാശാജനകമായ പ്രകടനം മറച്ചുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രേഖകള്‍ വെബ് സൈറ്റിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. എന്നാൽ റിപ്പോർട്ടുകളിലെ കണക്കുകൾ നിഷേധിക്കാനാകാത്ത സാഹചര്യത്തിൽ ഇതെല്ലം താല്കാലിക കണക്കുകൾ വെച്ച് തയാറാക്കിയതാണെന്നാണ് മോദി സർക്കാരിന്റെ സാമ്പത്തിക വിദഗ്ധരുടെ വിശദീകരണം.