പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസർക്കാരിന്റെയും നയങ്ങൾ കാരണം കർഷകരും ചെറുകിട വ്യാപാരികളും കഷ്ടപ്പെടുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
കർഷകരും ചെറുകിട വ്യാപാരികളും കഷ്ടപ്പെടുമ്പോൾ പ്രധാനമന്ത്രി ചില വൻവ്യവസായികൾക്കൊപ്പമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അമേത്തിയിൽ ദ്വിദിന സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്.
ഓരോ ദിവസം കഴിയും തോറും രാജ്യത്ത് പ്രശനങ്ങൾ കൂടി വരികയാണ്. ചെറുകിടവ്യവസായികളുടെ അടിത്തറ നശിപ്പിച്ചു. കർഷകർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല, എന്നാൽ സമ്പന്നരായ ബിസിനസ്സുകാരുടെ രണ്ട് ലക്ഷം കോടി രൂപയോളം വരുന്ന വായ്പയാണ് സർക്കാർ എഴുതി തള്ളിയതെന്നും രാഹുൽ ആരോപിച്ചു.
ജനങ്ങളുടെ പണം തട്ടിയെടുത്ത് നീരവ് മോദിയും വിജയ് മല്യയും പോലുള്ള സാമ്പ ത്തിക കുറ്റവാളികൾക്ക് നൽകുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും രാഹുൽ പറഞ്ഞു. ചൈനീസ് പ്രസിഡന്റിനെ ഗുജറാത്തിൽ സ്വീകരിക്കുമ്പോൾ ചൈനീസ് സൈന്യം ദോക്ലാമിൽ അതിക്രമിച്ചു കയറിയെന്നും രാഹുൽ ആരോപിച്ചു.