മുംബൈയിലെ അന്ധേരിയില്‍ പാലം ഇടിഞ്ഞുവീണു. റെയില്‍പാളത്തിലേക്ക് പാലം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരം. പുലര്‍ച്ചെ 7.30ഓടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് അപകടമുണ്ടായത്.
അന്ധേരിയുടെ കിഴക്ക്-പടിഞ്ഞാറന്‍ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോഖലെ പാലത്തിന്‍റെ ഒരുഭാഗമാണ് റെയില്പാളത്തിലേക്ക് ഇടിഞ്ഞുവീണത്. തുടര്‍ന്ന് റോഡ്-റെയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് എത്രയും പെട്ടെന്ന് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ഇലക്ട്രിക് വയറുകള്‍ ഉള്‍പ്പെടെയുള്ളവ പാലത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കൊപ്പം കുരുങ്ങി. ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനിന് മുകളിലേക്കും അവശിഷ്ടങ്ങള്‍ വീണു.
തിങ്കളാഴ്ച മുതൽ മുബൈയിൽ മഴ തുടരുകയാണ്. ഇനിയുളള ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത എന്ന് കാലാസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിപ്പ് നൽകി. സംഭവസ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയും പൊലീസും രക്ഷാപ്രവർത്തനം തുടരുകയാണ്.
സ്ഥിതിഗതികള്‍ വീക്ഷിച്ചുവരികയാണെന്നും അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണെന്നും റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
https://twitter.com/Jitu92318730/status/1014035515383910401