മിശിഹായുടെ ഉയര്‍ത്തെഴുന്നേല്‍പ്; ഒരു ജനതയുടെ സ്വപ്നങ്ങളുടേയും…

Jaihind News Bureau
Wednesday, June 27, 2018

വിമർശന ശരങ്ങളേറ്റ് തലകുനിച്ചിരുന്ന അയാള്‍ മത്സരത്തിന്‍റെ മൂന്നാം ദിനം ഉയർത്തെഴുന്നേറ്റു. ഒരു ജനതയുടെ സ്വപ്നസാക്ഷാത്ക്കാരം കൂടിയായി മെസി എന്ന മിശിഹായുടെ ബൂട്ടിൽ നിന്ന് പിറന്ന ആ മനോഹര ഗോൾ.

ആദ്യ മത്സരത്തിൽ സമനില. രണ്ടാം മത്സരത്തിൽ എതിരില്ലാത്ത 3 ഗോളിന്റെ ദയനീയ തോൽവി. ബാക്കിയുള്ളത് നൈജീരിയയുമായുള്ള അങ്കം. ഒരു ജനതയുടെ സ്വപ്നങ്ങളായിരുന്നു ആ മത്സരം. കണ്ണുകളും കാതുകളും മെസിയിലേക്ക് ചുരുങ്ങിയ ദിവസം. അർജന്റീനയുടെ റഷ്യൻ ലോകകപ്പ് ഭാവി… നെഞ്ചിടിപ്പിന്റെ 90 മിനുട്ടുകൾ.

ആദ്യ മത്സരത്തിൽ സമനിലയുടെയും രണ്ടാം മത്സരത്തിൽ എതിരില്ലാത്ത 3 ഗോളിന്റെ ദയനീയ തോൽവിയുടെയും മുഴുവൻ ഭാരവും ചുമന്ന ആ കുറിയ മനുഷ്യനെ നോക്കിയവരുടെ കണ്ണുകളിൽ സങ്കടവും ദേഷ്യവും നിരാശയും സഹതാപവുമെല്ലാം ഉണ്ടായിരിക്കണം. ഇതിനെല്ലാം ആ മനുഷ്യനിൽ നിന്നുമുള്ള മറുപടി മൗനം മാത്രം. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഒറ്റ ഉത്തരം…വിജയം. അതത്ര എളുപ്പമല്ല. ജീവൻ മരണ പോരാട്ടത്തിനായി നൈജീരിയൻ പടയ്‌ക്കെതിരെ പോരിനിറങ്ങിയ മെസിപ്പടയ്ക്ക് മുന്നിൽ ചോദ്യങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ.

ക്രൂശിക്കപ്പെട്ട മിശിഹാ ഉയർത്തെഴുന്നേൽക്കുമോ?

മിശിഹ വിജാതീയർക്ക് ഏൽപ്പിക്കപ്പെടും. അവർ അവനെ പരിഹസിക്കുകയും, അപമാനിക്കുകയും കല്ലെറിയുകയും അവന്റെ മേൽ തുപ്പുകയും ചെയ്യും. അവർ അവനെ പ്രഹരിക്കുകയും വധിക്കുകയും ചെയ്യും. എന്നാൽ മൂന്നാം ദിവസം അവൻ ഉയർത്തെഴുന്നേൽക്കും.

അലറിവിളിച്ചും പ്രാർഥിച്ചും ഉയർത്തെഴുന്നൽപ്പിനായി കെഞ്ചിയ നീലക്കടലിന് മുന്നിൽ ഒടുവിൽ മിശിഹ ഉയർത്തെഴുന്നേല്‍ക്കുകതന്നെ ചെയ്തു.

ഒരായിരം ചോദ്യങ്ങൾക്കുള്ള മറുപടിയുണ്ടായിരുന്നു ഗോൾവല ചലിപ്പിച്ച മിശിഹായുടെ മുഖത്ത്. തന്‍റെ നൂറാം ഗോളിലൂടെ ഉയിര്‍ത്തെഴുന്നേറ്റത് മെസി മിശിഹാ മാത്രമല്ല, ഒരു ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കൂടിയാണ്.

വരാനിരിക്കുന്നത് അഗ്‌നി പരീക്ഷകളാണ്. മെസിയുടെ അര്‍ജന്‍റീന എപ്രകാരം അതിനെയൊക്കെ അതിജീവിക്കുമെന്ന് കാത്തിരുന്ന് കാണാം.