മഴയുടെ ശക്തി കുറയുന്നു; ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങുന്നു

Jaihind News Bureau
Sunday, August 19, 2018

കേരളത്തെ ഭീതിയുടേയും ആശങ്കയുടേയും നടുവിലാക്കുകയും വൻ നാശനഷ്ടം വിതയ്ക്കുകയും ചെയ്ത കാലവർഷത്തിന്‍റെ ശക്തി കുറഞ്ഞതോടെ ജനങ്ങൾ സാവധാനം വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. പെരിയാറിലും മഴ ഏറെ നാശം വിതച്ച പത്തനംതിട്ടയിലുമെല്ലാം ജലനിരപ്പ് ഇറങ്ങിത്തുടങ്ങി. ഇതോടെ റോഡ്, റെയിൽ ഗതാഗതവും പലയിടത്തും ഭാഗികമായി പുനഃസ്ഥാപിച്ചു.

ഒരു വശത്ത് ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങുമ്പോഴും ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രധാനമായും ഏറെ പേർ കുടുങ്ങി കിടക്കുന്ന പാണ്ടനാട്, കല്ലിശേരി തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എൻ.ഡി.ആർ.എഫ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നു.

മഴയ്ക്ക് ശമനം ഉണ്ടായതും പ്രളയജലം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ പ്രളയബാധിത പ്രദേശങ്ങളിൽ അതിവേഗ രക്ഷാപ്രവർത്തനം തുടങ്ങി. ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന ചെങ്ങന്നൂരിലെ ഉൾപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം വിപുലപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ രക്ഷാപ്രവർത്തകരും ഉപകരണങ്ങളും ബോട്ടുകളും വന്നതോടെ കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നു.

എങ്കിലും മഴ പൂർണതോതിൽ മാറി നിൽക്കാത്തത് ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ജലനിരപ്പ് ഉയർന്നതിനാൽ കക്കി ഡാമിന്റെ ഷട്ടറുകൾ ചെറിയ തോതിൽ ഉയർത്തിയിട്ടുണ്ട്. തിരുവൻവണ്ടൂർ, കല്ലിശേരി, പാണ്ടനാട്, മുളപ്പുഴ, ഇടനാട് എന്നിങ്ങനെ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് ആളുകൾ കൂടുതൽ കുടുങ്ങി കിടക്കുന്നത്. ചെങ്ങന്നൂർ, പാണ്ടനാട്, വെൺമണി മേഖലകളിലും 5000 പേർ ഇനിയും കുടുങ്ങിക്കിടക്കുകയാണ്.

വിവിധ സംസ്ഥാന സർക്കാർ സംവിധാനങ്ങളെ കൂടാതെ സൈന്യവും നേവിയുടെ മുങ്ങൽ വിദഗ്ധരും ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

ജലനിരപ്പ് പല സ്ഥലങ്ങളിലും കുറഞ്ഞതിനാൽ മത്സ്യബന്ധന ബോട്ടുകൾക്ക് എത്തിച്ചേരാനാകാത്തതാണ് ഇപ്പോൾ പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. മൺതിട്ടയിലും മതിലിലും ബോട്ടുകൾ ഇടിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്. ഈ സാഹചര്യത്തിൽ എയർ ലിഫ്റ്റിംഗ് നടത്തുന്നതിനൊപ്പം നേവിയുടെ ചെറുവഞ്ചികൾ കൂടി രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.  ദീർഘദൂര സർവീസുകൾ എല്ലാം കെ.എസ്.ആർ.ടി.സി പുനഃസ്ഥാപിച്ചിട്ടുണ്ട്. മഴയുടെ തോത് കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പിൻവലിച്ചു.