ബുര്‍ജ് ഖലീഫയോളം ഉയരെ കാല്‍പന്ത് ആവേശം

Jaihind News Bureau
Sunday, July 15, 2018

ലോകകപ്പ് ഫൈനലിന് ലോകത്തിലെ ഏറ്റവും വലിയ സ്‌കോർ ബോർഡ് ഒരുക്കി ബുർജ് ഖലീഫ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയാണ് കാൽപന്ത് ആരാധകരുടെ ആവേശ സ്‌ക്രീനായി മാറുന്നത്.

കാൽപന്ത് ആവേശത്തിന്റെ ഫുട്‌ബോൾ കൂടാരം യു.എഇയിലെങ്ങും ഉയർന്നു കഴിഞ്ഞു. ദുബായ് ഫൗണ്ടന്റെ പശ്ചാത്തലത്തിൽ ഗോളാരവം ഉയരുന്നത് കാണാനായി മലയാളികൾ അടക്കമുള്ളവർ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്‌കോർ ബോർഡ് പ്രദർശിപ്പിച്ച ബുർജ് ഖലീഫ ഫ്രാൻസും ക്രൊയേഷ്യയും തമ്മിലുള്ള ഫൈനലിന്റെയും തത്സമയ വിവരങ്ങൾ പ്രദർശിപ്പിക്കും.

അബുദാബി റോയൽ ലെ മെറിഡിയൻ, എമിറേറ്റ്‌സ് പാലസ്, അൽ മറിയ ഐലൻഡ്, സോഫിറ്റൽ, ഷെറാട്ടൺ എന്നിവിടങ്ങളിലും പ്രത്യേക ടെന്റ് ഒരുക്കിയാണ് ആരാധകരുടെ ആവേശ മൈതാനം ഒരുക്കുന്നത്. റോയൽ ലെ മെറിഡിയനിലെ സ്വിമ്മിംഗ് പൂളിന് സമീപം ചുറ്റുമിരുന്നു കാണത്തക്ക വിധത്തിൽ സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശനം.

ഫൈനലിന് 700ഓളം പേർക്കുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് അബുദാബി റോയൽ ലെ മെറിഡിയൻ കൺസിയർജ് മാനേജർ സുനിൽ ഗോപി പറഞ്ഞു. കൂടാതെ ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒട്ടേറെ ഗെയിമുകളും ഒരുക്കിയിരിക്കുന്നു. വിജയികൾക്ക് വിമാന ടിക്കറ്റ് അടക്കമുള്ള വിലപ്പെട്ട സമ്മാനങ്ങളുമുണ്ട്. റമസാനിൽ സജ്ജമാക്കിയ ടെന്റ് ലോകകപ്പ് സ്‌ക്രീനിങ്ങിനായി മാറ്റിയെടുക്കുകയായിരുന്നു.