പ്രാര്‍ഥനകള്‍‌ സഫലം; 18 ദിവസത്തെ ഗുഹാവാസം കഴിഞ്ഞ് അവരെത്തി

Jaihind News Bureau
Tuesday, July 10, 2018

18 ദിവസത്തെ ഗുഹാവാസത്തിന് ശേഷം അവര്‍ പുറത്തെത്തി ! ലോകം പ്രാര്‍ഥനയോടെ കാത്തിരുന്നത് ഈ സന്തോഷവാര്‍ത്തയ്ക്ക് വേണ്ടിയായിരുന്നു. തായ്‌ലൻഡിലെ താം ലുവാംഗ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ 13 പേരെയും ദൌത്യസംഘം സുരക്ഷിതരായി പുറത്തെത്തിച്ചു.

ഫുട്ബോള്‍ ടീമിലെ കുട്ടികളും കോച്ചുമാണ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടത്. കഴിഞ്ഞമാസം ജൂൺ 23 നാണ് കോച്ചും കുട്ടികളും ഗുഹയിൽ കുടുങ്ങിയത്. ശക്തമായ മഴയെ തുടര്‍ന്ന് ഗുഹയ്ക്കുള്ളില്‍ വെള്ളം കയറിയതാണ് സംഘം ഗുഹയ്ക്കുള്ളില്‍ കുടുങ്ങാന്‍ ഇടയാക്കിയത്.

ലോകം കൈകോർത്ത രക്ഷാദൗത്യത്തിന്റെ നാലാം ദിവസം തായ്‌ലൻഡിലെ ഗുഹയിൽനിന്ന് വിജയകരമായി കുട്ടികളും കോച്ചിനെയും പുറത്തെത്തിച്ചു. 90 അംഗ സംഘത്തിന്റെ നാല് ദിവസം നീണ്ട അതിസാഹസമായ ദൗത്യമാണ് വിജയിച്ചത്. 19 ഡൈവർമാരാണ് ഇന്ന് ഗുഹയ്ക്കകത്തേക്കു പ്രവേശിച്ചത്. ബഡ്ഡി ഡൈവിംഗ് എന്ന രീതിയിലാണ് രക്ഷാപ്രവർത്തനം നടത്തിയിരുന്നത്.

രാവിലെ 10.08നാണ് നാലു കുട്ടികളെയും ഫുട്ബാൾ കോച്ചിനെയും പുറത്തെത്തിക്കാനുള്ള മുങ്ങൽ വിദ്ഗധരുടെ മൂന്നാം ഘട്ട ദൗത്യം തുടങ്ങിയത്. വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയായിരുന്നു. കുട്ടികളെയും കോച്ചിനെയും വിദഗ്ധ ചികിത്സക്കായി ചിയാംഗ് റായിയിലെ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് 15 ദിവസമായി ഗുഹയിൽ കുടുങ്ങിയ കുട്ടികളും ഫുട്ബോൾ കോച്ചും അടക്കം 13 അംഗ സംഘത്തിൽ നാല് കുട്ടികളെ ആദ്യഘട്ടത്തിൽ പുറത്തെത്തിച്ചത്. തുടർന്ന് തിങ്കളാഴ്ച നാലു കുട്ടികളെ കൂടി രക്ഷപ്പെടുത്തി.

പുറത്തെത്തിച്ച കുട്ടികളുടെ രക്തപരിശോധന നടത്തിയിരുന്നു. രക്ഷപ്പെടുത്തിയ കുട്ടികളെ പ്രത്യേക പരിശോധന തുടങ്ങി വിവിധ ആരോഗ്യപരിശോധനകൾക്ക് വിധേയമാക്കുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

10 കിലോമീറ്റര്‍ നീളമുള്ള, അപകടം പതിയിരിക്കുന്ന ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയവരെ അപകടം കൂടാതെ രക്ഷിക്കാനായതിന് നന്ദി പറയേണ്ടത് ജീവന്‍ പോലും തൃണവല്‍ഗണിച്ച് രക്ഷാദൌത്യത്തിന് തയാറായ സംഘത്തോടാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ ദൌത്യസംഘത്തിലെ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.