കേരളത്തിന് സംഭാവന നല്‍കണം; രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, August 18, 2018

പ്രളയക്കെടുതിയില്‍ ഉഴലുന്ന കേരളത്തിന് സഹായമേകാന്‍‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽഗാന്ധിയുടെ അടിയന്തര ഇടപെടൽ. രാജ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിമാര്‍, പി.സി.സി അധ്യക്ഷൻമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരുമായി രാഹുല്‍ ഗാന്ധി ചർച്ച നടത്തി.

കേരളത്തെ സഹായിക്കാൻ കോൺഗ്രസ് സർക്കാരുകൾക്ക് രാഹുല്‍ ഗാന്ധി നിർദേശം നല്‍കി. രാജ്യത്തെ എല്ലാ കോൺഗ്രസ് എം.പിമാരും എം.എൽ.എമാരും ഒരു മാസത്തെ ശമ്പളം കേരളത്തിന് നൽകും.

പ്രളയബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു. കേരളത്തിലും കര്‍ണാടകയിലെ കുടഗിലും ശക്തമായ മഴയും പ്രളയവും ദുരന്തം വിതയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ സേവനസന്നദ്ധതയും സ്നേഹവും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ആപത്തില്‍ പെട്ടവരെ സഹായിക്കാന്‍ സംഘനടയുടെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിക്കാനും രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.