പ്രളയക്കെടുതി; കെ.പി.സി.സി 1000 വീടുകള്‍ നിര്‍മിച്ചുനല്‍കും

Jaihind News Bureau
Tuesday, August 21, 2018

 

കെ.പി.സി.സി നിര്‍വാഹക സമിതി യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.

കോൺഗ്രസ് പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു. 1000 വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ കെ.പി.സി.സി യോഗം തീരുമാനിച്ചു. രക്ഷാപ്രവര്‍ത്തനത്തിൽ കോൺഗ്രസ് പ്രവർത്തകർ കൂടുതൽ സജീവമാകും. വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഓരോ മണ്ഡലം കമ്മിറ്റിയും 5 ലക്ഷം രൂപ വീതം സമാഹരിക്കും. ദുരിതബാധിത മേഖലയിലെ മണ്ഡലം കമ്മിറ്റികൾ തുക നൽകേണ്ടതില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓണാഘോഷം ഒഴിവാക്കണമെന്നും ഇതിനായി കരുതിയ തുക കൂടി ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കണമെന്നും എം.എം ഹസന്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ദുരന്തം നേരിടുന്നതിന് മത്സ്യത്തൊഴിലാളികളുടെ ഒരു സേന രൂപീകരിക്കുന്ന കാര്യം സർക്കാർ ആലോചിക്കണം.

വീടിന്റെ അറ്റകുറ്റപണിക്ക് ആവശ്യാനുസരണം തുക കൊടുക്കണം. വീട് നഷടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം വർധിപ്പിക്കണം. ഇത് 4 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തണം. വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം എന്നത് വര്‍ധിപ്പിക്കണം. നഷ്ടപെട്ട സ്ഥലം പകരമായി നൽകണം. കൃഷിക്കാരുടെ 5 ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളണം. ഒരു വർഷം മൊററ്റോറിയം പര്യാപ്തമല്ല. കൃഷി ചെയ്യാൻ പലിശരഹിത വായ്പ നൽകണം.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തയാറാകണം. നിയമ ഭേദഗതി വേണമെങ്കിൽ അത് നടപ്പിലാക്കണം. നിയമ തടസമുണ്ടെങ്കിൽ കശ്മീർ ദുരന്തമുണ്ടായപ്പോൾ പ്രഖ്യാപിച്ചത് പോലെ ദേശീയ ദുരന്തത്തിന് തുല്യമായ ദുരന്തം എന്ന് പ്രഖ്യാപിക്കാൻ തയാറാവണം.

സര്‍ക്കാര്‍ ഏകോപനത്തിൽ പാളിച്ച ഉണ്ട്. അത് പരിഹരിക്കണം. ദുരന്ത നിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കണമെന്നും ഡാമുകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ടെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു.

കേരളത്തിന്‍റെചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്, പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ യോഗത്തിൽ പങ്കെടുത്തു.