പ്രതിപക്ഷ നേതാവ് കട്ടിപ്പാറ കരിഞ്ചോലയിൽ; ദുരിതാശ്വാസ ക്യാമ്പില്‍ ഉള്ളവർക്ക് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു

Jaihind News Bureau
Friday, June 15, 2018

കോഴിക്കോട് ഉരുൾപൊട്ടലുണ്ടായ കട്ടിപ്പാറ കരിഞ്ചോലയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാവിലെ 10 മണിയോടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്യത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ കട്ടിപ്പാറയിലെ ഉരുൾപൊട്ടൽ മേഖലയിൽ എത്തിയത്. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ നടത്തുന്ന രക്ഷാപ്രവർത്തനം സംഘം സന്ദർശിച്ചു. സമീപവാസികളോട് ദുരന്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി. ദുരിതാശ്വാസ ക്യാംപിലുള്ളവർക്ക് കൂടുതൽ പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്തം നടന്ന് 12 മണിക്കൂർ പിന്നിട്ട ശേഷമാണ് ദേശീയ ദുരന്ത നിവാരണ സേനയെത്തിയത്. ഇത് ഗുരുതരമായ വീഴ്ചയാണെന്നും ചെന്നിത്തല ആരോപിച്ചു. ഉരുൾ നടന്ന പ്രദേശത്തിനു സമീപത്തായി നിർമ്മിച്ച ജലസംഭരണിയെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.