നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷം ഉറുഗ്വേ വലയിൽ പന്ത് കയറിയ ദിനത്തിൽ, പോർച്ചുഗലിനെ വീഴ്ത്തി ഉറുഗ്വേ ലോകകപ്പ് ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഉറുഗ്വേയുടെ വിജയം. സൂപ്പർതാരം എഡിസൻ കവാനിയുടെ ഇരട്ടഗോളുകളാണ് ഉറുഗ്വേക്ക് വിജയവും ക്വാർട്ടർ ബർത്തും സമ്മാനിച്ചത്.
ഈ ലോകകപ്പിൽ തോൽവിയറിയാതെ ഉറുഗ്വേ പിന്നിടുന്ന നാലാം മൽസരമാണിത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മൽസരങ്ങളിലും ഗോൾ വഴങ്ങാതെ മുന്നേറിയെത്തിയ ഏക ടീമായ ഉറുഗ്വേക്കെതിരെ ഗോൾ നേടാനായതിന്റെ ആശ്വാസത്തോടെയാണ് പോർച്ചുഗലിന്റെ മടക്കം. നീണ്ട 597 മിനിറ്റുകൾക്കുശേഷമാണ് ഉറുഗ്വേ ടീം രാജ്യാന്തര മൽസരത്തിൽ ഗോൾ വഴങ്ങുന്നത്.
ഏഴാം മിനിറ്റിൽ പോർച്ചുഗീസ് പ്രതിരോധനിരയെ കാഴ്ചക്കാരാക്കി എഡിൻസൺ കവാനി നേടിയ ഹെഡർ ഗോളിൽ ലീഡ് നേടിയിരിക്കുകയാണ് പ്രഥമ ചാമ്പ്യന്മാർ. കവാനി തന്നെയാണ് മധ്യനിരയിൽ നിന്ന് പന്തുമായി ഇടതു വിംഗിലൂടെ വന്ന് വലതു ഭാഗത്ത് ലൂയിസ് സുവാരസിന് നൽകിയത്. സുവാരസ് അത് അളന്നുമുറിച്ച് ബോക്സിലേയ്ക്ക് കൊടുത്തു. പ്രതിരോധ ഭിത്തിക്ക് പിറകിലായി കൃത്യമായി നിലയുറപ്പിച്ച കവാനിക്ക് അതൊന്ന് കുത്തി വലയിലിടേണ്ടതേ ഉണ്ടായിരുന്നുള്ളൂ.
55-ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്ന് ഹെഡറിലൂടെയായിരുന്നു പെപ്പെയുടെ ഈ ലോകകപ്പിലെ ആദ്യ ഗോൾ. റാഫേൽ ഗ്യുറെയ്റോയുടെ ഇടങ്കാലൻ ക്രോസ്, മാർക്ക് ചെയ്യപ്പെടാതെ നിന്ന പെപ്പെയ്ക്ക് തല കൊണ്ട് കുത്തി വലയിലെത്തിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പെപ്പെയിലൂടെ ഉറുഗ്വേക്ക് പോർച്ചുഗലിന്റെ തിരിച്ചടി. സ്കോർ സമനിലയിൽ.
62-ാം മിനിറ്റിൽ മനോഹരമായ ഒരു ഗോളിലൂടെ കവാനി വീണ്ടും ഉറുഗ്വേക്ക് ലീഡ് നേൽകി. ബോക്സിന്റെ ഇടതു ഭാഗത്ത് നിന്നുള്ള കവാനിയുടെ ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയിൽ ചെന്നുപതിച്ചു. പോർച്ചുഗീസ് ഗോളി പട്രീഷ്യോ ഉയർന്നു ചാടിയെങ്കിലും ഫലമുണ്ടായില്ല.
ഈ വിജയത്തോടെ ഉറുഗ്വേ ക്വാർട്ടറിൽ കടന്നു. അർജന്റീനയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് വീഴ്ത്തിയെത്തുന്ന ഫ്രാൻസാണ് ക്വാർട്ടറിൽ യുറഗ്വായുടെ എതിരാളികൾ.