രാഷ്ട്രീയ വിവാദങ്ങളും അക്രമങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ പൊതു തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പാകിസ്ഥാൻ ബുധനാഴ്ച ബൂത്തിലെത്തും. പാകിസ്ഥാന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത തെരഞ്ഞെടുപ്പ് കാലമാണിത്.
ജൂലൈ 13ന് ബലൂചിസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കുനേരെയുണ്ടായ ഐസിസ് ചാവേറാക്രമണത്തിൽ 150 ഓളം പേരാണ് കൊല്ലപ്പെട്ടത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിലേക്ക് ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
1947ൽ സ്വതന്ത്രമായതിനുശേഷം പട്ടാള ഭരണത്തിനും ജനാധിപത്യത്തിനുമിടയിൽ ചാഞ്ചാടിക്കൊണ്ടിരിക്കുകയായിരുന്നു പാകിസ്ഥാൻ. പാക് ചരിത്രത്തിൽ ആദ്യമായാണ് കാലാവധി പൂർത്തിയാക്കി ഒരു സർക്കാർ ജനകീയ ഭരണം കൈമാറാനൊരുങ്ങുന്നത്. നിലവിലെ ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലിംലീഗ് – നവാസും പട്ടാളവും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കെയാണ് പാകിസ്ഥാൻ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
കോടതിയെ കൂട്ടുപിടിച്ച് പി.എം.എൽ- എൻ നേതാക്കളെ കള്ളക്കേസിൽ കുടുക്കാനാണ് പട്ടാളത്തിന്റെ ശ്രമമെന്ന് ഭരണകക്ഷികൾ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ച് പതിനേഴായിരത്തോളം പി.എം.എൽ-എൻ പ്രവർത്തകരുടെ പേരിൽ ക്രിമിനൽ കേസെടുത്തിട്ടുണ്ട്.
മാധ്യമങ്ങൾക്കെതിരെയും പട്ടാളത്തിന്റെ അടിച്ചമർത്തൽ നടപടികൾ രൂക്ഷമാണ്. കർശന സെൻസർഷിപ്പും ഭീഷണിയുമാണ് ഇവർക്കെതിരെ ഉയരുന്നത്. വോട്ടെടുപ്പിലെ ഭീകര സംഘടനകളുടെ ഇടപെടലിനെയും ജനാധിപത്യവാദികൾ ഭയക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പട്ടാളം ശ്രമിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ അഭിപ്രായപ്പെടുന്നു.