പാകിസ്ഥാനിൽ വോട്ടെടുപ്പിനിടെ പരക്കെ അക്രമം; ക്വറ്റയില്‍ സ്ഫോടനത്തില്‍ 25 മരണം

Jaihind News Bureau
Wednesday, July 25, 2018

പാകിസ്ഥാനിൽ കനത്ത സുരക്ഷ വലയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെ പരക്കെ അക്രമം അരങ്ങേറുന്നതായി റിപ്പോർട്ട്. ബലൂചിസ്ഥാനിലെ ക്വറ്റയിൽ വൻ സ്‌ഫോടനം. 25 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.

പാകിസ്ഥാൻ നാഷണൽ അസംബ്ലിയിലേക്കും നാല് പ്രവിശ്യാ അസംബ്ലികളിലേക്കുമുള്ള പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. പാകിസ്ഥാനിൽ ഇത് രണ്ടാം തവണയാണ് ഒരു പട്ടാള അട്ടിമറിയില്ലാതെ സർക്കാർ കാലാവധി പൂർത്തിയാക്കി തെരഞ്ഞെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷാ ഭീഷണിയ്ക്കിടയിലാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്.

കറാച്ചിയിലെ ലർക്കാന മേഖലയിലെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ ക്യാമ്പിന് നേരെ ബോംബേറുണ്ടായി. മിർപൂർക്കാസ് ജില്ലയിലെ പോളിംഗ് ബൂത്തുകൾക്ക് നേരെയും ബോംബേറുണ്ടായി. ഇവിടെ നിരവധിപ്പേർക്ക് പരിക്കേറ്റതായി ആണ് റിപ്പോർട്ടുപകൾ. പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നിരവധി അക്രമസംഭവങ്ങളാണ് ഭീകരർ നടത്തിയത്. രാജ്യത്തെ 85,000 പോളിംഗ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കുനന്തിന് 3,71, 388 സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്. പാകിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായാണ് വോട്ടെടുപ്പിനായി ഇത്രയും വലിയ സൈനിക വിന്യാസം ഏർപ്പെടുത്തുന്നത്.