നേപ്പാള്‍ മലനിരകളില്‍ കുടുങ്ങിയവരെയെല്ലാം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി

Jaihind News Bureau
Sunday, July 8, 2018

കൈലാസ്-മാനസസരോവർ തീർഥാടനം കഴിഞ്ഞ് മടങ്ങവേ നേപ്പാൾ മലനിരകളിൽ കുടുങ്ങിയ ഇന്ത്യൻ സംഘത്തിലെ മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തീർഥാടകസംഘത്തിൽ ശേഷിച്ച 160 പേരെക്കൂടിയാണ് കഴിഞ്ഞ ദിവസം ഹെലികോപ്ടറിൽ ഇന്ത്യൻ അതിർത്തിയിലേയ്ക്ക് മാറ്റിയത്.

നേപ്പാളിലെ ഹിൽസ, സിമികോട്ട് ജില്ലകളിൽനിന്ന് രക്ഷപ്പെടുത്തിയ തീർഥാടകരെ ഇന്ത്യൻ അതിർത്തിയിലെ നേപ്പാൾഗഞ്ച്, സൂർക്കേത്ത് പട്ടണങ്ങളിലേക്കാണ് മാറ്റിയത്. മോശം കാലാവസ്ഥയെ തുടർന്ന് ഒരാഴ്ചയായി പർവതനിരകളിൽ കുടുങ്ങിയ 1,430 തീർഥാടകരെയാണ് രക്ഷിച്ചത്. ഇവരിൽ മലയാളികളുമുണ്ട്.

അപകടമേഖലയിൽ ഇനി ആരും ശേഷിക്കുന്നില്ലെന്ന് ഇന്ത്യൻ എംബസി സംഘം ഉറപ്പുവരുത്തി. തീർഥാടകർക്ക് മരുന്നും അവശ്യസാധനങ്ങളും എത്തിച്ചുകൊടുക്കാനും അവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനുമുള്ള ദൗത്യത്തിൽ നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും പങ്കുചേര്‍ന്നു.

തീർഥാടകർക്ക് സേവനമെത്തിക്കാനും ബന്ധുക്കളുമായി ബന്ധപ്പെടാനും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ സ്ഥലത്ത് നിയോഗിച്ചിരുന്നു. സുരക്ഷാ സൈനികർക്കൊപ്പം പ്രാദേശിക ടൂർ ഓപ്പറേറ്റർമാരും രക്ഷാദൗത്യവുമായി സഹകരിച്ചു.