നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി സച്ചിനെത്തും

Jaihind News Bureau
Wednesday, June 27, 2018

ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന ഇത്തവണത്തെ നെഹ്റുട്രോഫി വള്ളംകളിയിൽ
സച്ചിൻ ടെൻഡുല്‍ക്കർ മുഖ്യാതിഥിയായി എത്തും. വളളംകളി ലീഗ് മത്സരമാക്കി മാറ്റുന്ന കേരളാ ബോട്ട് ലീഗ് എന്ന കെ.ബി.എല്ലിന് ഈ വർഷം തുടക്കമാകും.

ഇത്തവണത്തെ നെഹ്റു ട്രോഫിയുടെ ഏറ്റവും വലിയ പ്രത്യേകത ഇനി മേലിൽ നെഹ്റുട്രോഫി ബോട്ടുറേസിൽ ഏറ്റവും മികവ് പുലർത്തുന്ന ഒമ്പത് ചുണ്ടൻ വള്ളങ്ങളായിരിക്കും കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുക എന്നതാണ്. കേരള ബോട്ട് ലീഗ് ഈ വർഷം ആരംഭിക്കും.

നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡന്റ് ട്രോഫിയിൽ അവസാനിക്കുന്ന വിധമായിരിക്കും മത്സര ക്രമീകരണം. അതിനായി പ്രത്യേകം യോഗ്യതാമത്സരങ്ങൾ നടത്തില്ല. ടൂറിസം വകുപ്പാണ് കെ.ബി.എല്ലിന് നേതൃത്വം നൽകുക. ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ ഇത്തവണ നെഹ്റു ട്രോഫിക്ക് മുഖ്യാതിഥിയായി എത്തിച്ചേരും.

പണം കൊടുത്ത് വള്ളംകളി കാണാനെത്തുന്നവർക്ക് പ്രത്യേക മേഖല തിരിച്ച് എല്ലാ സൗകര്യങ്ങളും നൽകും. നെഹ്റു ട്രോഫിക്ക് ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബുക്ക് ചെയ്യുന്നതിന് ആപ്ലിക്കേഷനും ഉണ്ടാകും.

ഇത്തവണ ആദ്യമായി ഫിനിഷിംഗ് കൃത്യത ഉറപ്പു വരുത്തുന്നതിനായി ഫോട്ടോ ഫിനിഷ് സംവിധാനം നടപ്പിലാക്കാൻ ബോട്ട് റെയ്‌സ് യോഗം തീരുമാനിച്ചു. സ്റ്റാർട്ടിംഗിന്‍റെ പിഴവുകൾ ഇല്ലാതാക്കുന്നതിനുവേണ്ടി ട്രാക്കിൽ പാലിക്കേണ്ട അച്ചടക്കം സംബന്ധിച്ച് കൃത്യമായ പെരുമാറ്റച്ചട്ടം രൂപപ്പെടുത്താൻ നിർദേശം നൽകിക്കഴിഞ്ഞു.