നാഗാലാന്റിലെ മോൺ ജില്ലയിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ആസാം റൈഫിൾസ് സൈനികർ കൊല്ലപ്പെട്ടു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
നാഗാലാൻഡിൽ മോൺ ജില്ലയിലെ അബോയിക്ക് സമീപമാണ് നാഗാ ഭീകരരുടെ ആക്രമണം ഉണ്ടായത്. നദിയിൽ നിന്നും ജലം ശേഖരിക്കാൻ പോവുകയായിരുന്ന ജവാന്മാർക്ക് നേരെയായിരുന്നു നാഗാ തീവ്രവാദികളുടെ ആക്രമണം. ഗ്രനേഡുകളടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
സൈനികർ തിരിച്ചടിച്ചെങ്കിലും നാല് പേരുടെ ജീവൻ നഷ്ടമാവുകയായിരുന്നു. ഹവിൽദാർ ഫത്തേസിംഗ് നേഗി, സിപ്പോയ് ഹങ്ഗ കോന്യാക് എന്നീ രണ്ട് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് തന്നെ മരിച്ചെന്ന് ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി.
ആക്രമണം നടത്തിയശേഷം ഒളിവിൽ പോയ ഭീകരർക്കായി സൈന്യം തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഇന്തോ മ്യാൻമർ മേഖലയിൽ ആക്രമണ സാധ്യതയുണ്ടെന്ന് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് ഖപ്ലാങ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
1980കൾ മുതൽ മേഖലയിൽ ശക്തമായ ആക്രമണം അഴിച്ചുവിടുന്ന തീവ്രവാദ സംഘമാണ് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് ഖപ്ലാങ്. 2015 ജൂൺ നാലിന് മണിപ്പൂരിൽ 18 സൈനികരെ വധിച്ചതിന് പിന്നിലും ഈ സംഘടനയായിരുന്നു.