ദുരഭിമാനം വെടിഞ്ഞ് സേനയെ പൂർണമായും രക്ഷാപ്രവർത്തന ദൗത്യം ഏൽപിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, August 18, 2018

രക്ഷാപ്രവർത്തനത്തിന് ദുരഭിമാനം വെടിഞ്ഞ് സേനയെ പൂർണമായും ദൗത്യം ഏൽപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൈന്യത്തെ ഏൽപ്പിച്ചിരുന്നെങ്കിൽ ഇത്രയും പ്രതിസന്ധി ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തെ അപ്പാടെ തകര്‍ത്തെറിയുകയും  ലക്ഷക്കണക്കിന് ആളുകളെ ദുരന്തത്തിലാക്കുകയും ചെയ്ത പ്രളയക്കെടുതിയില്‍ നിന്ന് ദുരന്ത ബാധിതരെ രക്ഷപ്പെടുത്താനും സഹായിക്കാനുമുള്ള ദൗത്യം പൂര്‍ണമായും സൈന്യത്തെ എല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി.

പ്രളയക്കെടുതി വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുവാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു നിവേദനം നല്‍കിയത്. ചരിത്രത്തില്‍ സമാനതകളില്ലാത്ത കടുത്ത പ്രകൃതി ദുരന്തമാണ് കേരളം അനുഭവിക്കുന്നത്. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെട്ടു.