തൊഴിലില്ലായ്മ വലിയ പ്രതിസന്ധി; പ്രധാനമന്ത്രി ഇത് കാണാന്‍ വിസമ്മതിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Thursday, August 23, 2018

രാജ്യത്ത് തൊഴിലില്ലായ്മ കൂടുന്നതാണ് ആക്രമണങ്ങൾ വർധിക്കാൻ കാരണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയിൽ തൊഴിലില്ലായ്മ
വലിയ പ്രശ്‌നമാണ്. പ്രധാനമന്ത്രി അത് അംഗീകരിച്ചെങ്കിൽ മാത്രമേ പ്രശ്‌നം പരിഹരിക്കാൻ കഴിയൂ എന്നും രാഹുൽ. ജർമനിയിലെ ഹാംബർഗിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2 വർഷങ്ങൾക്കു മുമ്പ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കെട്ടിപ്പടുക്കും എന്ന വ്യാജേന ബി.ജെ.പി നോട്ട് നിരോധനവും ജി.എസ്.ടിയും കൊണ്ടുവന്നത്. എന്നാൽ ചെറുകിട വ്യവസായങ്ങളെ തകർക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ തൊഴിൽ രഹിതരാക്കാനും മാത്രമെ നടപടി വഴി സാധിച്ചുള്ളു. തൊഴിൽ നഷ്ടപ്പെട്ടതോടെ സാധാരണ ജനങ്ങളിൽ രോഷം ആളിക്കത്തുകയായിരുന്നു.

ഇന്ത്യയിൽ തഴില്ലിലായ്മ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും എന്നാൽ പ്രധാനമന്ത്രി അത് കാണാൻ വിസമ്മതിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിൽ ഒരു മത്സരവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന ഇന്ത്യയെക്കാൾ വളർച്ച നേടുന്ന രാജ്യമാണെന്നും രാഹുൽ പറഞ്ഞു.

രാജീവ് ഗാന്ധിയുടെ കൊലപാതകികൾക്ക് മാപ്പ് കൊടുത്തത് അവരുടെ കുട്ടികളുടെ കരയുന്ന മുഖമോർത്താണെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. ബൂത്തീരിയസ് സമ്മർ സ്‌കൂളിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.