ജോയ്‌സ് ജോർജിന് വീണ്ടും നോട്ടീസ്; രേഖകളുമായി നേരിൽ ഹാജരാകണം

Jaihind News Bureau
Tuesday, July 10, 2018

ജോയ്‌സ് ജോർജ് എം.പിയുടെ കൊട്ടക്കാമ്പൂരിലെ കയ്യേറ്റ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയിൽ പുനഃപരിശോധനയുടെ പേരിൽ വീണ്ടും നോട്ടീസയച്ചു. ദേവികുളം സബ് കളക്ടറാണ് നോട്ടീസ് നൽകിയത്. ജൂലൈ 24ന് ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി നേരിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

https://www.youtube.com/watch?v=i29lVy6FMso

വ്യാജരേഖ ചമച്ച് പട്ടികജാതിക്കാരായ തമിഴ് വംശജരുടെ പേരിൽ ജോയ്‌സ് ജോർജ് എം.പിയും കുടുംബാംഗങ്ങളും വട്ടവട കൊട്ടക്കാമ്പൂരിൽ കൈവശപ്പെടുത്തിയ ഇരുപത്തിനാല് ഏക്കർ ഭൂമിയുടെ പട്ടയം ദേവികുളം സബ് കളക്ടർ റദ്ദാക്കിയിരുന്നു. പട്ടയത്തിലെ ക്രമക്കേടുകളും ശരിയായ രേഖകൾ ഹാജരാക്കാന്‍ സാധിക്കാത്തതിനാലുമായിരുന്നു നടപടി.

ഇതിനെതിരെ ജോയ്‌സ് ജോർജ് കളക്ടർക്ക് അപ്പീൽ നൽകിയതിന്റെ അടിസ്ഥാനത്തിൽ പട്ടയവും തണ്ടപ്പേരും റദ്ദാക്കിയ നടപടി പുനഃപരിശോധിച്ച് റിപ്പോർട്ട് നൽകുവാൻ ഇടുക്കികളക്ടർ ജി.ആർ ഗോകുൽ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ എം.പിയ്ക്കും കുടുംബാംഗങ്ങൾക്കും ഒരവസരം കൂടി നൽകുന്നതിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയിട്ടുള്ളത്.

വ്യാജരേഖ ചമച്ച് ഭൂമി കൈവശപ്പെടുത്തിയത് സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസിൽ നിന്നും എം.പിയെ സംരക്ഷിക്കുന്നതിനുള്ള ഉന്നത ഗൂഢാലോചനയുടെ ഭാഗമാണ് ഈ നടപടി എന്നും ആക്ഷേപമുണ്ട്.