കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നവരെക്കുറിച്ച് കൃത്യമായ ഒരു വിവരവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്കാനാവാത്ത സാഹചര്യം നിലനില്‍ക്കെയാണ് പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്നയുടെ തിരോധാനം ചര്‍ച്ചയാവുന്നത്. ജസ്നയെ കാണാതായി നൂറ് ദിവസങ്ങൾ പിന്നിടുമ്പോഴും നാടിനും വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവള്‍ എവിടെയെന്ന ചോദ്യത്തിനാണ് ഉത്തരം വേണ്ടെതെങ്കില് ഭരണകൂടത്തിന്റെയും പൊലീസ് സംവിധാനത്തിന്റെയും വീഴ്ചയുടെ മറ്റൊരു ഉദാഹരണം കൂടിയാണ് ജസ്നയുടെ തിരോധാനം.
കഴിഞ്ഞ മാര്‍ച്ച് 22 ന് രാവിലെ 9.30 ന് വെച്ചൂച്ചിറ കൊല്ലമുളയിലെവീട്ടില് നിന്ന് ജസ്ന മരിയ ജയിംസ് എന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി യാത്ര പുറപ്പെട്ടത്. കാഞ്ഞിരപ്പള്ളി പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്നാണ് ജസ്ന പോയപ്പോൾ പറഞ്ഞിരുന്നത് ഈ സമയം വീട്ടില്‍ പിതാവ് ജയിംസും സഹോദരങ്ങളും ഉണ്ടായിരുന്നില്ല. ആ യാത്ര ഇന്ന് നൂറ് ദിവസം പിന്നിടുകയാണ്. പരീക്ഷയ്ക്ക് മുമ്പായുള്ള സ്റ്റഡി ലീവിനാണ് ജസ്ന കൊല്ലമുളയിലെ കുന്നത്ത് വീട്ടിലേക്ക് എത്തിയത്. മാര്‍ച്ച് 22 ന് പുലര്‍ച്ചെ വീടിന്റെ ഉമ്മറത്തിരുന്ന് ജസ്ന പഠിക്കുന്നത് കണ്ടവരുണ്ട്.
ജസ്നയെ കാണാതായ ദിവസം പിതാവ് ജയിംസ് എരുമേലി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. പിന്നീട് വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലും പരാതി സമര്‍പ്പിച്ചു. ലോക്കല്‍ പൊലീസ് ആദ്യ ഘട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉണ്ടായ വീഴ്ചയാണ് കാര്യങ്ങള്‍ ഇത്ര സങ്കീര്‍ണമാക്കിയതെന്നാണ് ആരോപണം.
ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. തിരുവല്ല ഡി.വൈ.എസ്.പിയാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്. ജസ്നയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആദ്യം 2 ലക്ഷവും പിന്നീട് 5 ലക്ഷവും പ്രതിഫലം പ്രഖ്യാപിച്ചു. നിരവധി ഫോണ്‍ സന്ദേശങ്ങള്‍ ഇതിനെ തുടര്‍ന്ന് പൊലീസിനെ തേടിയെത്തി. എന്നാല്‍ സ്ഥീരികരിക്കാവുന്ന ഒരു വിവരവും ലഭിച്ചില്ല.
ജസ്നയെ തിരിച്ചറിയാനായി അടയാളങ്ങളും ഫോട്ടോകളും സഹിതം ക്രൈം മെമ്മോ തയ്യാറാക്കി എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൊലീസ് വാട്സ് ആപ്പ് ഗ്രൂപ്പിലും റെയില്‍വെ അലര്‍ട്ട് കണ്‍ട്രോളിലും വിവരം അറിയിച്ചു. ജസ്ന പോകാന്‍ ഇടയുള്ള ധ്യാനകേന്ദ്രങ്ങളില്‍ അന്വേഷണം നടത്തി, ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചു. വിവര ശേഖരണപ്പെട്ടികള്‍ സ്ഥാപിച്ചു. പക്ഷേ ശ്രമങ്ങളൊന്നും ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല.
അന്വേഷണം വഴിമുട്ടിയ സാഹചര്യത്തില്‍ പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ചു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കള്‍ ജസ്നയുടെ കുടുംബാംഗങ്ങളെ കാണാന്‍ എത്തി. കിംവദന്തികള്‍ പരക്കുന്നതല്ലാതെ യാതൊരു തുമ്പും ലഭിച്ചില്ല. പൊലീസ് അന്വേഷണം വിഫലമാകുന്ന സാഹചര്യത്തില്‍ ആക്ഷന്‍ കൌണ്‍സിലും വിവിധ രാഷ്ട്രീയ കക്ഷികളും സമര രംഗത്താണ്. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്നാണ് ആവശ്യം. പക്ഷേ ഈ ആശങ്കകൾക്കും പ്രതീക്ഷകൾക്കും അപ്പുറം ജസ്ന എവിടെ എന്ന ചോദ്യം മാത്രം അവശേഷിക്കുകയാണ്.