ചരക്കുലോറി സമരം നാലാം ദിവസത്തിലേക്ക്; പ്രതിസന്ധി രൂക്ഷം

Jaihind News Bureau
Monday, July 23, 2018

ചരക്കുലോറി സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിസന്ധി രൂക്ഷമാകുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്ന് ചരക്കുമായി എത്തുന്ന ലോറികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിപണികളിൽ നിത്യോപയോഗ സാധനങ്ങൾക്ക് ദൗർലഭ്യം നേരിട്ട് തുടങ്ങി. ഇത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും ആശങ്ക ഉയർന്നു.

ഡീസൽ വില വർധനയും തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധനയും പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസാണ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തത്.

ഇതിനു പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ ലോറി ഓണേഴ്‌സ് വെൽഫെയർ ഫെഡറേഷനും സമരത്തിലാണ്. ദിവസവും രണ്ടായിരത്തിലധികം ചരക്കുലോറികൾ സംസ്ഥാനത്തേക്ക് വന്നിരുന്നത് സമരം തുടങ്ങിയതോടെ മുന്നൂറോളമായി കുറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസവും ശരാശരി മുന്നൂറോളം ലോറികളേ അതിർത്തി കടന്ന് എത്തിയുള്ളൂ. ഇവതന്നെ സമരം തുടങ്ങുന്നതിന് മുമ്പ് വിവിധ സംസ്ഥാനങ്ങളിൽനിന്ന് പുറപ്പെട്ടവയാണെന്നും തിങ്കളാഴ്ച മുതൽ ഇവ പോലും എത്തില്ലെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കെ.കെ. ഹംസ പറഞ്ഞു. രണ്ടര ലക്ഷത്തോളം വാഹനങ്ങൾ സമരത്തിൽ പെങ്കടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മാർക്കറ്റിൽ ദിവസവും 20ഓളം ലോറികൾ പഴങ്ങളും പച്ചക്കറികളുമായി എത്തിയിരുന്നു. ഇപ്പോൾ 10ൽ താഴെ ലോറികളേ എത്തുന്നുള്ളു. തമിഴ്‌നാട്ടിൽനിന്ന് ഏത്തക്കായ, കർണാടകയിൽനിന്ന് ബീൻസും കുക്കുമ്പറും ക്വോളിഫ്ലവറും, മഹാരാഷ്ട്രയിൽനിന്ന് സവാള, ആന്ധ്രയിൽനിന്ന് ചെറുനാരങ്ങ എന്നിവയാണ് പ്രധാനമായും കൊച്ചിയിൽ എത്തുന്നത്.