നാല് വർഷങ്ങൾക്കു ശേഷം ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മൽസരങ്ങൾക്കായി റാസ് അബു അബൂദിൽ കണ്ടെയ്നർ സ്റ്റേഡിയം നിർമിക്കാൻ ചൈനീസ് കമ്പനി. ചൈന ഇന്റർനാഷനൽ മറൈൻ കണ്ടെയ്നർ ഗ്രൂപ്പാണ്
സ്റ്റേഡിയം നിർമാണത്തിനുള്ള പ്രധാന കരാർ നേടിയത്.
ലോകകപ്പ് ഫുട്ബോളിനായി ഖത്തറിൽ പുതിയതായി നിർമിക്കുന്ന ഏഴ് സ്റ്റേഡിയങ്ങളിൽ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് റാസ് അബു അബൂദ് സ്റ്റേഡിയം.
എടുത്തുമാറ്റി മറ്റൊരു സ്ഥലത്തു സ്ഥാപിക്കാൻ കഴിയുന്ന തരത്തിൽ ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ചാണ് ഈ സ്റ്റേഡിയം നിർമിക്കുന്നത്. സ്റ്റേഡിയം നിർമിക്കുകയല്ല, പകരം ഉൽപാദിപ്പിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് പ്രോജക്റ്റ് മാനേജർ വാങ് ഫീ പറഞ്ഞു.
ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക സംഘം സി.ഐ.എം.സി ഫാക്ടറി സന്ദർശിച്ച ശേഷമാണ് കമ്പനി സ്റ്റേഡിയം നിർമാണം ആരംഭിക്കുക.
സ്റ്റേഡിയത്തിന് വേണ്ടി തയാറാക്കിയ സാംപിൾ കണ്ടെയ്നറുകൾ പരിശോധിക്കാനാണ് സംഘമെത്തുന്നത്. ടോയ്ലറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കിയതാണ് ഈ കണ്ടെയ്നർ സ്റ്റേഡിയം. 2020ൽ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂർണമായും പൊളിച്ചുമാറ്റി, കണ്ടെയ്നറുകൾക്കുള്ളിലാക്കി, മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി സ്ഥാപിക്കാൻ കഴിയുന്ന ആദ്യത്തെ ലോകകപ്പ് സ്റ്റേഡിയമാണിത്.
4.50 ലക്ഷം ചതുരശ്ര മീറ്ററിൽ നിർമിക്കുന്ന സ്റ്റേഡിയത്തിൽ 40,000 സീറ്റുകളാണുണ്ടാകുക. ഏഴു നിലകളിലായി 990 മോഡുലാർ കണ്ടെയ്നറുകളാണ് സ്റ്റേഡിയത്തിനായി ഉപയോഗിക്കുക. ഓരോ കണ്ടെയ്നറിനും ആറ് മീറ്റർ നീളവും 2.5 മീറ്റർ വീതം വീതിയും ഉയരവുമുണ്ടായിരിക്കും.
ഒരു ആധുനിക സ്റ്റാർ ഹോട്ടലിന് അനുസരിച്ചുള്ള എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും സ്റ്റേഡിയത്തിലുണ്ടായിരിക്കും. വിവിധ ഘട്ടങ്ങളായാണ് സ്റ്റേഡിയം നിർമാണം പൂർത്തിയാക്കുക. ഉരുക്കിൽ സ്റ്റേഡിയത്തിന്റെ ചട്ടക്കൂട് നിർമിക്കുകയെന്നതാണ് ആദ്യത്തെ ഘട്ടം. അടുത്ത ഘട്ടത്തിൽ ‘ലെഗോ’ ബിൽഡിംഗ് ബ്ലോക്കുകൾ പോലെ കണ്ടെയ്നറുകൾ സ്ഥാപിക്കും. ഇതിനുശേഷം പെയിന്റടിച്ചു മനോഹരമാക്കും.
പ്രീഫാബ്രിക്കേറ്റഡ് മോഡുലാർ കണ്ടെയ്നറുകളാണ് ഉപയോഗിക്കുന്നതെന്നതിനാൽ സാധനങ്ങളുടെ ഉപയോഗം കുറയ്ക്കാനും അതുവഴി വസ്തുക്കൾ പാഴായി പോകുന്നതു കുറയ്ക്കാനും കഴിയുമെന്ന് വാങ് ഫീ പറഞ്ഞു. നിർമാണ സമയത്തിൽ മൂന്ന് വർഷം ലാഭിക്കാനും മുൻകൂട്ടി തയാറാക്കിയ മോഡുലാർ കണ്ടെയ്നറുകൾ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.