കടലാസില്‍ മാത്രമുള്ള ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ‘ശ്രേഷ്ഠപദവി’ ; മോദി സര്‍ക്കാര്‍ കുരുക്കില്‍

Jaihind News Bureau
Wednesday, July 11, 2018

ഇനിയും തുടങ്ങാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നൽകി കേന്ദ്ര സർക്കാർ. മുകേഷ് അംബാനിയെ തൃപ്തിപ്പെടുത്താനാണ് മോദിയുടെ നീക്കമെന്ന് കോൺഗ്രസ്. സഹായിക്കാൻ വഴിവിട്ട നീക്കം നടത്തിയ മോദി സർക്കാർ കുരുക്കിൽ.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇന്നലെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശ്രേഷ്ഠ പദവി നൽകി ഉത്തരവിറക്കി. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളെയും മൂന്ന് സർക്കാർ സ്ഥാപനങ്ങളെയുമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഐ.ഐ.ടി ഡൽഹി, ഐ.ഐ.ടി ബോംബെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബി.ഐ.ടി.എസ് പിലാനി, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, റിലയൻസ് ഫൗണ്ടേഷന്റെ ജിയോ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കാണ് മാനവ വിഭവശേഷി മന്ത്രാലയം ശ്രേഷ്ഠ പദവി നൽകിയിരിക്കുന്നത്.

ഇതിലെ കൗതുകകരമായ വസ്തുത ജിയോ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത് അല്ലാതെ ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ക്വാളിറ്റി ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് ആറ് സ്ഥാപനങ്ങൾക്ക് ശ്രേഷ്ഠ പദവി നൽകിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും ക്വാളിറ്റിയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിറകിലാക്കികൊണ്ടാണ് ഇനിയും തുടങ്ങിയിട്ടില്ലാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപനം അതീവ ഗുണമേന്മയുള്ളതാണെന്ന സാക്ഷ്യപ്പെടുത്തലുമായി സർക്കാർ രംഗത്തെത്തിരിക്കുന്നത്. ഡൽഹിയിലെ ജെ.എൻ.യു ഉൾപ്പെടെ 114 സ്ഥാപനങ്ങൾ ഈ പദവിക്കായി അപേക്ഷിച്ചിരുന്നു. ഇവയെ എല്ലാം തിരസ്‌കരിച്ചുകൊണ്ടാണ് റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപനത്തിന് കേന്ദ്രം ഈ അംഗീകാരം നൽകിയിരിക്കുന്നത്.

മുകേഷ് അംബാനിയെയും നിതാ അംബാനിയെയും തൃപ്തിപ്പെടുത്താനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ് പട്ടികയിൽ ഉൾപ്പെട്ട സർക്കാർ സ്ഥാപനങ്ങൾക്ക് വാർഷിക ധനസഹായമായി ആയിരം കോടി രൂപ ലഭിക്കും.