ഐഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്ന ആവശ്യം ; പ്രതിപക്ഷ നേതാവിന്‍റെ പരാതിയില്‍ അന്വേഷണമില്ല

Jaihind News Bureau
Monday, October 5, 2020

 

തിരുവനന്തപുരം: ഐഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ  പരാതിയില്‍ പൊലീസ് അന്വേഷണം സാധ്യമല്ലെന്ന് നിയമോപദേശം. കേസ് ഇല്ലാതെ അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി മാറുമെന്നും നിയമോപദേശം.

ഐഫോൺ വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള സാധ്യത പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് പൊലീസ് നിയമോപദേശം തേടിയത്. കേസ് ഇല്ലാത്തതിനാൽ അന്വേഷണം സാധ്യമല്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.ഫോൺ വിവരങ്ങൾ ശേഖരിക്കുന്നത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി മാറുമെന്നാണ് വിലയിരുത്തൽ.ഈ സാഹചര്യത്തിൽ തത്ക്കാലം കടക്കേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്.

ലൈഫ് മിഷൻ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശം നടത്തിയത്.യു.എ.ഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് വഴി പ്രതിപക്ഷ നേതാവിന് ഐഫോൺ സമ്മാനമായി നൽകിയെന്നായിരുന്നു ആരോപണം. ആരോപണം തെറ്റാണെന്ന് തെളിവുകൾ സഹിതം പ്രതിപക്ഷ നേതാവ് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടിയിരുന്നു.

ചടങ്ങിനോട് അനുബന്ധിച്ച് നൽകിയ ഐ ഫോണുകൾ എവിടെ എന്ന് കണ്ടെത്താനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നത്. എന്നാൽ കേസ് രജിസ്റ്റര്‍ ചെയ്താൽ മാത്രമെ ഫോൺ വിവരങ്ങൾ നൽകാനാവുകയുള്ളുവെന്ന് മൊബൈൽ കമ്പനികൾ പൊലീസിനെ അറിയിച്ചു.ഈ സാഹചര്യത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ച എങ്കിലും മറ്റ് സാധ്യതകൾ കൂടി പരിശോധിച്ചാകും പൊലീസ് അന്തിമ തീരുമാനമെടുക്കുക.