കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുയര്‍ത്തി കരിങ്കല്‍ ക്വാറികള്‍

Jaihind News Bureau
Sunday, July 15, 2018


കാലവര്‍ഷം കനത്തതോടെ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ കരിങ്കൽ ക്വാറികളുടെ പ്രവർത്തനം ഉരുള്‍പൊട്ടല്‍ ഭീഷണി ഉയർത്തുന്നു.  എരുവേശി അരീക്കമലയില്‍ പ്രവർത്തിക്കുന്ന ക്വാറിയാണ്  സമീപവാസികൾക്ക് ഏറ്റവും ഭീഷണിയായി നിലകൊള്ളുന്നത്.നേരത്തെ  ക്വാറിക്ക് സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ ഏക്കർ കണക്കിന്  കൃഷിഭൂമി നശിച്ചിരുന്നു.

എരുവേശി വില്ലേജിലെ അരീക്കമലയില്‍ പ്രവർത്തിക്കുന്ന ക്വാറിയാണ് ജനജീവിതത്തിന്ഭീഷണിയായിരിക്കുന്നത്. അരീക്കമലയിൽ അപകടകരമായി  പ്രവർത്തിക്കുന്ന  ക്വാറിക്കെതിരെ നാട്ടുകാര്‍ പലവട്ടം പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ജില്ലാ കലക്ടർക്കും, മൈനിംഗ് ആൻറ് ജിയോളജി ഡിപ്പാർട്ട്മെൻറിനും പരാതി നൽകിയിരുന്നു.

ഉരുൾപൊട്ടൽ   ഉണ്ടാകുമെന്ന പേടിയിലാണ് നാട്ടുകാർ കഴിയുന്നത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ സമീപപ്രദേശത്ത് ഉരുള്‍പൊട്ടൽ ഉണ്ടാവുകയും ഏക്കര്‍ കണക്കിന് കൃഷിയിടം നശിക്കുകയും ചെയ്തത്. മണ്ണിടിച്ചിലിൽ വീടുകൾക്ക് കേട് പാടും പറ്റിയിരുന്നു. കാലവർഷം ശക്തമായതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. നിരവധി വീടുകളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.

മഴ ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇനിയും ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന ഭയത്തിലാണ് നാട്ടുകാര്‍. ക്വാറിയുടെ പ്രവർത്തനം നിർത്തിവെപ്പിക്കാനാവശ്യമായ  നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.