അഫ്ഗാനിസ്ഥാനിൽ ചാവേർ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു

Jaihind News Bureau
Saturday, August 4, 2018

അഫ്ഗാനിസ്ഥാനിൽ ഷിയാ മോസ്‌കിൽ ചാവേർ ആക്രമണം. ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു 50 പേർക്ക് പരിക്കേറ്റു.

കിഴക്കൻ പക്തിയ പ്രവിശ്യയുടെ തലസ്ഥാനമായ ഗാർഡസ് നഗരത്തിലെ മോസ്‌കിലാണ് സ്ഫോടനമുണ്ടായത്. മോസ്‌കിനുള്ളിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല. രണ്ട് സ്ഫോടനങ്ങളാണ് നടന്നതെന്ന് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്ഫോടനം നടക്കുമ്പോൾ നിരവധി പേർ മോസ്‌കിലുണ്ടായിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

പാക് അതിർത്തിയോടു ചേർന്നുള്ള പക്തിയാ പ്രവിശ്യയിലാണു ഗാർഡെസ്. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലും തലസ്ഥാനമായ കാബൂളിലും അടുത്തയിടെ നടന്ന ആക്രമണങ്ങൾക്കു പിന്നിൽ ഐഎസായിരുന്നു. കാബൂളിലെ വിമാനത്താവളത്തിൽ കഴിഞ്ഞമാസം നടത്തിയ ചാവേർ ആക്രമണത്തിൽ 23 പേർക്കു ജീവഹാനി സംഭവിച്ചിരുന്നു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി.