വൃക്കരോഗവിദഗ്ധന്‍ ഡോ. ജോര്‍ജ് പി. എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി

Jaihind News Bureau
Monday, March 3, 2025

പ്രശസ്ത വൃക്കരോഗ വിദഗ്ധനായ ഡോ. ജോര്‍ജ് പി. എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരിയിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 70 വയസ്സായിരുന്നു. ഫാം ഹൗസില്‍ നിന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കൊച്ചിയിലെ ഇളംകുളം സ്വദേശിയാണ്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനാണ്.

പ്രായാധിക്യവും അതിന്റെ ഭാഗമായുള്ള ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നതായാണ് ആത്മഹത്യാക്കുറിപ്പിലെ സൂചന. അടുത്തിടെ അദ്ദേഹത്തിന് നട്ടെല്ലിന് ഓപ്പറേഷന് വിധേയമായിരുന്നു. പഴയതുപോലെ ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയുന്നില്ലെന്നും അതില്‍ നിരാശയുണ്ടെന്നും ആത്മഹത്യാക്കുറിപ്പില്‍ വിവരിക്കുന്നതായി പൊലീസ് അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായാണ് വിവരം.

ഏറ്റവും കൂടുതല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയതിന് പ്രസിദ്ധനാണ് ഡോ. ജോര്‍ജ് പി എബ്രഹാം. 2500ലേറെ ശസ്ത്രക്രിയകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇളംകുളം സ്വദേശിയാണ് അദ്ദേഹം. ഞായറാഴ്ച വൈകുന്നേരം ജോര്‍ജും സഹോദരന്‍ പോളും നെടുമ്പാശ്ശേരിക്ക് സമീപമുള്ള തുരുത്തിശ്ശേരിയിലെ ജിപി ഫാം ഹൗസിലെത്തി. തുടര്‍ന്ന് ജോര്‍ജ് സഹോദരനോട് കുറച്ചു സമയം തനിച്ചായിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഇതേത്തുടര്‍ന്ന് പോള്‍ തിരിച്ചു പോയി.

പിന്നീട് ജോര്‍ജിന്റെ പ്രതികരണമൊന്നും ലഭിക്കാത്തതിനാല്‍, ബന്ധുക്കള്‍ ഫാം ഹൗസിലെത്തിയപ്പോള്‍ പടിക്കെട്ടിന്റെ കൈവരികളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രി 7.30 യ്ക്കും 10.30 യ്ക്കും ഇടയിലാണ് മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ സംസ്‌ക്കാരം നാളെ നടക്കും

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കണം . ഇതിനായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം. വിഷമ ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)