ബന്ദിപ്പൂരിൽ രാത്രിയാത്ര നിരോധനം തുടരുമെന്ന് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വനമേഖലയിൽ 25 കിലോമീറ്റർ ദൂരം ഫ്ലൈ ഓവർ നിർമിക്കാനുള്ള പദ്ധതി നിർദ്ദേശിച്ച് കേന്ദ്രം കർണാടക ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. ബന്ദിപ്പൂർ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന പാതയിലെ രാത്രിയാത്രാ നിരോധനം നീക്കാനാകില്ലെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി റിപ്പോർട്ട് നൽകിയിരുന്നു. നിരോധനം നീക്കണമെന്ന കേരളത്തിൻറെ ആവശ്യം തള്ളിയാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നിർദേശം വന്നത്. ഏകദേശം 460 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണ് കേന്ദ്രം നിർദ്ദേശിച്ചത്.
വന്യമൃഗസംരക്ഷണ ഭാഗത്തിൻറെ ഹൃദയ ഭാഗം ഉൾക്കൊള്ളുന്ന 25 കിലോമീറ്ററിൽ അഞ്ചു ഫ്ലൈ ഓവറുകൾ പണിയും . ഇതോടെ വന്യമൃഗങ്ങളുടെ സഞ്ചാരം തടയാനും രാത്രിയിൽ ദേശീയ പാതയിലൂടെ ഗതാഗതം നടത്താനും കഴിയും. ഫ്ലൈഓവറുകൾ ഇല്ലാത്ത ഭാഗത്ത് എട്ടടി ഉയരത്തിൽ ഇരുമ്പ് വേലി കെട്ടണം. പാതയുടെ വീതി 15 മീറ്റർ കൂട്ടണം. കടുവ സംരക്ഷണ അതോററ്റി നിർദ്ദേശിച്ച സമാന്തര പാത അധിക ചെലവിന് ഇടയാക്കുമെന്നും കേന്ദ്രം കർണാടകയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് സുപ്രീം കോടതിയിൽ സമ്മതം അറിയിക്കാനായിരുന്നു കർണാടകയോട് ഉപരിതല ഗതാഗതമന്ത്രാലയത്തിൻറെ സെക്രട്ടറി അയച്ച കത്തിലേ നിർദേശം. ഇത് അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചനയാണ് കർണാടക വനം മന്ത്രി നൽകിയത്. ഇതിന് പിന്നാലെയാണ് കുമാരസ്വാമിയും അഭിപ്രായം വ്യക്തമാക്കിയത്.
അതേസമയം വനമേഖലയിൽ മേൽപ്പാലം നിർമ്മിക്കാനുളള നിർദേശം പ്രയോഗികമല്ല എന്നും അദ്ദേഹം പറഞ്ഞു.