മുംബൈയിൽ കനത്ത മഴയെ തുടർന്ന് മൂന്നുപേർ മരിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറിയ നിലയിലാണ്. വെള്ളക്കെട്ടിനെത്തുടർന്ന് പലയിടത്തും റെയിൽ, റോഡ് ഗതാഗതം സ്തംഭിച്ചു.
നഗരത്തിൽ മരം വീണ് രണ്ടു പേരും മതിലിടിഞ്ഞ് ഒരാളുമാണ് മരിച്ചത്. റോഡുകളിൽ വെള്ളക്കെട്ടായതിനാൽ ഖാർ, മലാഡ്, അന്ധേരി സബ് വേകളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായി. ഗതാഗത കുരുക്ക് രൂക്ഷമായതിനാൽ തന്നെ കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
മഴ തുടരുന്നതിനാൽ തന്നെ വരും മണിക്കൂറുകളിൽ മലബാർ ഹിൽ, ഹിന്ദ്മാത, ധാരാവി, ബൈക്കുള, ദാദർ ടി.ടി, കബൂർഖന, സാന്റാക്രൂസ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 12 മണിക്കൂർ ശക്തമായ മഴ തുടരുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസി അറിയിച്ചു. ബാന്ദ്ര സ്റ്റേഷനിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകൾ 15 മിനിട്ട് വരെ വൈകിയാണ് സർവീസ് നടത്തുന്നത്.