
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലാദ്യമായി ഒരു മുസ്ലിം വംശജന്‍ മേയറായി അധികാരമേല്‍ക്കുന്നു. പുതുവര്‍ഷപ്പിറവിയില്‍, മുപ്പത്തിനാലുകാരനായ സൊഹ്‌റാന്‍ മംദാനി നഗരത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി സത്യപ്രതിജ്ഞ ചെയ്യും. കൈയ്യില്‍ വിശുദ്ധ ഖുര്‍ആന്‍ ഏന്തിയാകും മംദാനി നഗരഭരണം ഏറ്റെടുക്കുക.
സാധാരണ ചടങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി, 1945-ല്‍ ഉപേക്ഷിക്കപ്പെട്ട ‘സിറ്റി ഹാള്‍ സബ്വേ സ്റ്റേഷന്‍’ ആണ് മംദാനി സത്യപ്രതിജ്ഞയ്ക്കായി തിരഞ്ഞെടുത്തത്. ന്യൂയോര്‍ക്കിന്റെ പ്രതാപകാലത്തെയും അധ്വാനിക്കുന്ന വര്‍ഗത്തിന്റെ പോരാട്ട വീര്യത്തെയും സ്മരിക്കാനാണ് ഈ വേദി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഖുര്‍ആന്റെ മൂന്ന് വ്യത്യസ്ത പതിപ്പുകള്‍ ചടങ്ങില്‍ ഉപയോഗിക്കുമെന്നും ന്യൂയോര്‍ക്ക് അറ്റോണി ജനറല്‍ സത്യവാചകം ചൊല്ലിക്കൊടുക്കുമെന്നും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് സാറ റഹിം വ്യക്തമാക്കി.
രണ്ട് ഘട്ടങ്ങളിലായാണ് ചടങ്ങുകള്‍ നടക്കുന്നത്. പുതുവര്‍ഷ പുലരിയില്‍ സബ്വേ സ്റ്റേഷനില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ആദ്യ സത്യപ്രതിജ്ഞ നടക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മുനിസിപ്പാലിറ്റി ആസ്ഥാനത്തിന് മുന്നില്‍ പൊതുജനങ്ങളെ സാക്ഷിയാക്കിയാകും ഔദ്യോഗിക ചടങ്ങ്.
ന്യൂയോര്‍ക്കിലെ ആദ്യ മുസ്ലിം മേയര്‍ മാത്രമല്ല, ഏഷ്യന്‍ വംശജനായ ആദ്യ മേയര്‍ കൂടിയാണ് മംദാനി. ‘കുടിയേറ്റക്കാരാല്‍ നിര്‍മ്മിതമായ നഗരത്തെ ഇനി ഒരു കുടിയേറ്റക്കാരന്‍ നയിക്കും’ എന്ന ആവേശകരമായ പ്രഖ്യാപനത്തോടെയാണ് മംദാനി ജനവിധി തേടിയത്. വാടക വര്‍ദ്ധനവ് മരവിപ്പിക്കല്‍, സൗജന്യ നഗര ബസ് സര്‍വീസ്, സൗജന്യ ശിശുപരിപാലനം തുടങ്ങിയ സോഷ്യലിസ്റ്റ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന ഉറപ്പിലാണ് സാധാരണക്കാര്‍ മംദാനിയെ അമരത്തെത്തിച്ചത്.